എസ്.എ.ടി. പുതുയുഗത്തിലേക്ക്: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പുതുയുഗത്തിലേക്ക് കടക്കുകയാണ്. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം പേര്‍ക്കാണ് എസ്.എ.ടി.യിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫ്. (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞത്.
വളരെയധികം ചെലവുള്ള ഐ.വി.എഫ്. ചികിത്സ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐ.വി.എഫ്. ചികിത്സ വഴി ജനിച്ച 100ലധികം കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കുടുംബ സംഗമത്തിന്റേയും സര്‍ക്കാര്‍ പ്രത്യേക വിഭാഗമായി ഉയര്‍ത്തിയ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രണ്ട് മണിക്ക് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് പ്രസവ സംബന്ധമായ ബാഹുല്യവും സങ്കീര്‍ണതകളും കാരണം വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടത്ര സമയം ലഭിക്കാത്തതിനാലാണ് പുതുതായി റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ഈ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന എം.സി.എച്ച്. കോഴ്‌സ് ഇന്ത്യയിലെ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുള്ളത്.
ഈയൊരു സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഉള്‍പ്പെടെ 3 തസ്തികകള്‍ സൃഷ്ടിച്ചത്. എം.സി.എച്ച്. കോഴ്‌സ് തുടങ്ങുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. അതോടെ ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ എം.സി.എച്ച്. കോഴ്‌സ് നടത്തുന്ന സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറും. കുഞ്ഞുങ്ങളില്ലാത്ത നിരവധി ദമ്പതിമാര്‍ക്ക് ഇത് വലിയ അനുഗ്രഹമാകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























