മുഖ്യമന്ത്രിയുടെ നെഞ്ചിൽ മൈക്കിടിച്ചയാളെ മനസിലാക്കാൻ അന്വേഷണം തകൃതി

കുട്ടനാട് അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ നെഞ്ചിൽ മൈക്ക് അബദ്ധത്തിൽ ഇടിപ്പിച്ച കൈരളി- പീപ്പിൾ ക്യാമറാമാനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നെഞ്ചിൽ ക്യാമറ കൊണ്ടിടിക്കാൻ എന്താണ് ചേതോവികാരം എന്നാണ് അന്വേഷിക്കുന്നത്.
അതേ സമയം തിരക്കിനിടയിൽ സംഭവിച്ച ഒരു സാധാരണ കാര്യമായാണ് ഇതിനെ കൈരളി കാണുന്നത്. കൈരളിയിൽ പ്രവർത്തിക്കുന്നത് സി പി എം അനുഭാവികളാണ്. സി പി എം വിശ്വാസികൾ അല്ലാത്തവർ കൈരളിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം. അങ്ങനെയല്ലാത്തവർ ഉണ്ടോ എന്ന് രഹസ്യാന്വേഷണം നടക്കുന്നുണ്ട്.
ആരെങ്കിലും കൈരളിയുടെ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തട്ടാൻ ശ്രമിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ സൃഷ്ടിച്ച അനാവശ്യ തിരക്കാണ് നിർഭാഗ്യകരമായ സംഭവത്തിന് പിന്നിലെന്ന് പത്രപ്രവർത്തകർ പറയുന്നു.
കൈരളിയുടെ മൈക്കാണ് തട്ടിയത് എന്ന മട്ടിൽ മറ്റ് മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടതാണ് കൈരളിയെ പ്രകോപിപ്പിച്ചത്. മൈക്ക് ഇടിച്ചത് സ്വന്തം ആൾ എന്നായിരുന്നു പ്രചരണം. ആദ്യം മെഡിക്കൽ കോളേജിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയെ മാധ്യമങ്ങൾ ചോദ്യശരങ്ങൾ കൊണ്ട് പൊതിഞ്ഞെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല. യോഗം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയുടേത് ചിരിക്കുന്ന മുഖമായിരുന്നു. ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നുള്ള തള്ളലിലാണ് അബദ്ധത്തിൽ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തട്ടിയത്.
മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് ആലപ്പുഴയിലെ അവലോകന യോഗത്തിനു മുമ്പ് ചാനലുകൾ മത്സരിച്ച് വാർത്തയാക്കിയിരുന്നു. ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി സ്വാഭാവികമായും അത് കണ്ടു കാണണം. അതിനിടയിലാണ് നെഞ്ചിൽ ചാനൽ മൈക്കിന്റെ കുത്തേറ്റത്. ഇതിന്റെ തലേന്ന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിക്ക് പുറത്ത് കത്തിയുമായി എത്തിയ ഒരാൾ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അതു കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഇനി സുരക്ഷ വർധിപ്പിക്കും.
ഉമ്മൻ ചാണ്ടി എന്ന മട്ടിലാണ് മാധ്യമങ്ങൾ ഇപ്പോഴും പിണറായിയെ കാണുന്നത്. താൻ അത്തരക്കാരനല്ലെന്ന് പിണറായി ഇതിനകം പല തവണ വ്യക്തമാക്കിയതാണ്. മാധ്യമങ്ങളെ കൈയിലെടുത്ത് മുന്നോട്ട് പോകാൻ പിണറായി ഉദ്ദേശിച്ചിട്ടില്ല. ഒരിക്കലും അത്തരമൊരു മനോഭാവം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മൈക്കിടി തുടർന്നാൽ നഷ്ടം മാധ്യമങ്ങൾക്ക് മാത്രമായിരിക്കും. മുഖ്യമന്ത്രിയെ ഒരിക്കലും അവർക്ക് കാണാൻ കഴിഞ്ഞില്ലെന്ന് വരും. മാധ്യമങ്ങൾ സെറ്റ് ചെയ്യുന്ന അജണ്ട കേരളത്തിൽ നടക്കില്ലെന്ന് ചെങ്ങന്നൂർ തെരഞ്ഞടുപ്പ് തെളിയിച്ചതാണ്.
https://www.facebook.com/Malayalivartha


























