സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു; മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധങ്ങളായ സാമൂഹ്യമാധ്യമങ്ങളിലൂടെ മഴക്കെടുതി സംബന്ധിച്ചുള്ള വാർത്തകൾ പരക്കുകയാണ്. എന്നാൽ മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരിക്കുകയാണ്.
സ്റ്റേറ്റ് പൊലീസ് മോണിറ്ററിംഗ് റൂം കണ്‍ട്രോള്‍ റൂമായി മാറ്റി സുരക്ഷ നടപടികള്‍ക്ക് ഏകോപനം നല്‍കും. ജില്ലാ പൊലീസ് മേധാവികള്‍ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തര സമ്പർക്കത്തിലാണ്. മഴയുടെ തീവ്രത കൂടിയ മേഖലകളില്‍ രാത്രി സമയത്തും പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി പറഞ്ഞു. എആര്‍ ബറ്റാലിയന്‍ പൂര്‍ണമായും സുരക്ഷാ നടപടികളില്‍ മുഴുകിയിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പൊലീസും സഹകരിച്ച് പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























