64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ തൃശൂരിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.
രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിൻറെ കാൽനാട്ടലും ഉച്ച 12ന് തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനവും പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മീഡിയ അവാർഡ് പ്രഖ്യാപനവും നടക്കും.
തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജനും ഡോ. ആർ ബിന്ദുവും പങ്കെടുക്കും.സ്വാഗതസംഘത്തിൻറെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചർച്ച ചെയ്യും.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്.
"
https://www.facebook.com/Malayalivartha

























