അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...

'പോറ്റിയെ കേറ്റിയെ' എന്ന പാരഡിഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനെതിരെ അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് കത്ത് നല്‍കി.
ഇത്തരത്തില്‍ പ്രതിപക്ഷ നേതാവ് കത്ത് നല്‍കുന്നത് അസാധാരണമാണ്. പാട്ടിന് അനുകൂലമായി ഉയരുന്ന വികാരം കണക്കിലെടുത്താണ് നടപടി. ഇതോടെ പോലീസ് കത്ത് നല്‍കിയാലും പാട്ട് മെറ്റ പിന്‍വലിക്കുമോ എന്നത് നിര്‍ണ്ണായകമായി. ഇതിനിടെ പാട്ടിനെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോഴത്തെ കേസ് പിന്‍വലിക്കില്ലെങ്കിലും പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സർക്കാർ നിര്‍ദേശം നല്‍കി.
പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയയ്ക്കില്ല. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും.
https://www.facebook.com/Malayalivartha



























