തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്

സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്.
തമിഴ്‌നാട്ടിലെ കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖല യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% തീരുവമൂലം പ്രതിസന്ധിയിലായെന്ന് കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. യുഎസുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തണം. അല്ലാത്തപക്ഷം പ്രശ്‌നം അതീവ ഗുരുതരമാകും.
ഇന്ത്യയുടെ മൊത്തം വസ്ത്ര കയറ്റുമതിയുടെ 28% പങ്കുവഹിക്കുന്നത് തമിഴ്‌നാടാണ്. ലെതറും പാദരക്ഷകളും പരിഗണിച്ചാല്‍ തമിഴ്‌നാടിന് 40% വിഹിതവുമുണ്ട്. 85 ലക്ഷം പേരാണ് ഈ മേഖലകളില്‍ തൊഴിലെടുത്തുന്നത്. അതുകൊണ്ടുതന്നെ തമിഴ്‌നാടിന്റെ സമ്പദ്!വ്യവസ്ഥയ്ക്ക് ഈ മേഖലകള്‍ ഏറെ നിര്‍ണായകവുമാണ്. വ്യവസായ ഹബ്ബുകളായ തിരുപ്പുര്‍, കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍ മേഖലകളാണ് തീരുവമൂലം പ്രയാസം നേരിടുന്നത്.
തിരുപ്പുരിന് മാത്രം കനത്ത തീരുവമൂലം 15,000 കോടിയുടെ ഓര്‍ഡറുകള്‍ നഷ്ടപ്പെട്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. തിരുപ്പുരില്‍ ഉല്‍പാദനം 30% കുറഞ്ഞു. പ്രതിദിനം 60 കോടിയാണ് നഷ്ടം. വെല്ലൂരിലെയും റാണിപ്പേട്ടിലെയും തിരുപത്തൂരിലെയും ചെരിപ്പു നിര്‍മാതാക്കളും ദുരിതത്തിലായെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























