സംസ്ഥാനം അതീവ ജാഗ്രതയിൽ; മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര നാളെ

കേരളം അത്യപൂര്‍വ്വമായ മഴക്കെടുതിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലും കനത്തമഴ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രൂക്ഷമായ മഴക്കെടുതികൾ നേരിടുന്ന സാഹചര്യത്തില്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുകയാണ്.
വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് മനുഷ്യ ജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം. അതേസമയം ഒരു അഭ്യര്‍ത്ഥനയുമില്ലാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് മഴക്കെടുതിയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. റവന്യുമന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും സംഘത്തിലുണ്ടാവും.
സംസ്ഥാനം അതീവ ജാഗ്രതയോടെ ഇരിക്കേണ്ട സന്ദര്‍ഭത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും ഭരണ സംവിധാനങ്ങളും നടത്തുന്നത്. ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കുന്ന മുന്നറിയിപ്പുകളെയും നിര്‍ദ്ദേശങ്ങളെയും ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസത്തിന് 10 കോടി രൂപ അനുവദിച്ച കര്‍ണാടക സര്‍ക്കാരിനും 5 കോടി രൂപ അനുവദിച്ച തമിഴ്നാട് സര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























