മഴകൊണ്ടു പോയ ജീവിതങ്ങള്‍; കണ്ണീരിലാഴ്ത്തി നിലമ്പൂലെ മരണം; മരണത്തിലും പിടിവിടാതെ കെട്ടിപ്പുണര്‍ന്ന് അമ്മയും മക്കളും

മരണത്തിലും അമ്മയും മക്കളും കെട്ടിപ്പുണര്‍ന്നു കിടക്കുന്ന കാഴ്ച കേരളക്കരയെ കണ്ണീരിലാഴ്ത്തിയതാണ്. നിലമ്പൂരിലായിരുന്നു ആ ഹൃദയഭേദകമായ കാഴ്ച. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ട ഗീത, മക്കളായ നവനീത്, നിവേദ് എന്നിവരുടെ മൃതശരീരമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മുട്ടോളം ചളി നിറഞ്ഞ മണ്ണില്‍ പുതഞ്ഞ് കിടന്നിരുന്ന മൃതശരീരങ്ങള്‍ രാവിലെ 8.30 ഓടെയാണ് നാട്ടുകാര്‍ കണ്ടെടുത്തത്.
ഉരുള്‍പൊട്ടല്‍ സംഭവിച്ചപ്പോള്‍ സഹായത്തിനായി കരഞ്ഞ കുഞ്ഞുങ്ങളുടെ നിലവിളി കനത്ത മഴയില്‍ സമീപത്തെ വീട്ടില്‍നിന്ന് സുബ്രഹ്മണ്യന്‍ കേട്ടിരിക്കാമെന്നാണ് നിഗമനം. ഒരുപക്ഷെ രക്ഷകനായി ടോര്‍ച്ചുമായി ഓടിയെത്തുന്നതിനിടെയായിരിക്കും അയല്‍വാസിയായ സുബ്രഹ്മണ്യനെയും മരണം കവര്‍ന്നെടുത്തത്. നിലമ്പൂര്‍ ചെട്ടിയംപാടത്ത് ഉരുള്‍പൊട്ടലുണ്ടായത് കോളനിക്ക് നേരെയുള്ള കുന്നിന്‍ മുകളിലാണ്. ഒരു മാസം മുമ്പ് ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഇതോടെ കരുതലിലായിരുന്ന കോളനി നിവാസികള്‍ മലമുകളില്‍ നിന്ന് ശബ്ദം കേട്ടതോടെ ഓടിപ്പോവുകയായിരുന്നു. കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവിടെ 50 മീറ്റര്‍ വീതിയില്‍ മുക്കാല്‍ കിലോമീറ്ററോളം ദൂരത്തില്‍ മുട്ടോളം ആഴത്തില്‍ ചളിയും മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് രണ്ട് ചോലകളും രൂപപ്പെട്ടിട്ടുണ്ട്. വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ സമീപത്ത് താമസിക്കുന്നവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























