കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പിടിയിലായ ഒന്നും രണ്ടും പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടി അറസ്റ്റില്‍; കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തുസഹായിച്ചതിനുമാണ് അറസ്റ്റ്

കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പിടിയിലായ ഒന്നും രണ്ടും പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ക്ക് ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ച മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിന് ഇരുവരെയും കൂടെക്കൂട്ടാന്‍ മുഖ്യപ്രതികള്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂടെപ്പോകാന്‍ തയാറായില്ല. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തുസഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.
ഒന്നാം പ്രതി അനീഷിന്റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്റെ വീട്ടില്‍നിന്നു കവര്‍ന്നതായിരുന്നു ഇവ. ഒരുമാല, വള, ഒരു ജോഡികമ്മല്‍, ഒരു താലി എന്നിവയാണ് ഇന്നലെ രാവിലെ തൊടുപുഴ ഡിവൈ.എസ്.പി: കെ.പി. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ആഭരണങ്ങളുടെ പങ്കാണു രണ്ടാംപ്രതി ലിബീഷിനു നല്‍കിയത്. കൃഷ്ണന്റെ താളിയോലഗ്രന്ഥവും പലരില്‍നിന്നായി സ്വന്തമാക്കിയ സ്വര്‍ണവും കവരാനാണു പ്രതികള്‍ കൂട്ടക്കൊല നടത്തിയതെന്നാണു പോലീസ് പറയുന്നത്. വ്യാഴാഴ്ച രാവിലെ ഒന്നാംപ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്താന്‍ പോലീസ് സംഘം പുറപ്പെട്ടെങ്കിലും ഉരുള്‍പൊട്ടല്‍ മൂലം തിരിച്ചു പോരേണ്ടി വന്നു.
https://www.facebook.com/Malayalivartha

























