ഇന്ന് കര്‍ക്കടക വാവ് ബലി... ബലി തർപ്പണത്തിനായി ക്ഷേത്രങ്ങളൊരുങ്ങി; പിതൃപുണ്യം തേടി ലക്ഷങ്ങൾ... കനത്ത ജാഗ്രത നിർദേശവും സുരക്ഷ ക്രമീകരണങ്ങളും ഒരുക്കി ജില്ല ഭരണകൂടം...

ഇന്ന് കര്‍ക്കടക വാവ് ബലി. ബലി തർപ്പണത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി. പുഴയിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നത് ബലിതര്‍പ്പണത്തിന് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സുരക്ഷ സംവിധാനങ്ങൾ കടവുകളില്‍ ഒരുക്കി. കനത്ത ജാഗ്രത നിർദേശവും സുരക്ഷ ക്രമീകരണങ്ങളും ജില്ല ഭരണകൂടവും പൊലീസും നിർദേശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന ആലുവ ശിവ ക്ഷേത്രം, വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം കടല്‍ത്തീരം എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ അകത്തും പുറത്തുമായി ഏഴിലധികം ബലിമണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 2500ല്‍ അധികം ആള്‍ക്കാര്‍ക്ക് ബലി തര്‍പ്പണം നടത്താം.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ മണപ്പുറത്തും കാലടി ചേലാമറ്റം ക്ഷേത്രത്തിലും എറണാകുളം ജില്ല ഭരണകൂടം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആലുവ ശിവക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന്റെ ഭാഗമായി പുഴയില്‍ മുങ്ങിനിവരുന്നതിനു മാത്രമേ തടസ്സമുണ്ടാകൂ.
തോട്ടയ്ക്കാട്ടുകര- മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോര്‍ഡ് അന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു.മൂന്ന് ബോട്ട്, 20 ലൈറ്റ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, പ്രത്യേക റോപ്, സ്‌കൂബ ടീം എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























