തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു... ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം മേഖലകളിൽ സന്ദര്‍ശനം; കോഴിക്കോട്ടെയും മലപ്പുറത്തെയും സ്ഥിതിഗതികള്‍ ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. രാവിലെ തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് സംഘം യാത്രതിരിച്ചത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം മേഖലകളിലാണ് സന്ദര്‍ശനം. സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ടെയും മലപ്പുറത്തെയും സ്ഥിതിഗതികള്‍ ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക.
വിവിധ ജില്ലകളിലായി വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 53,500 പേര്‍ ക്യാമ്ബുകളിലുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. എറണാകുളത്ത് ഇതിനകം തന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തവും പുനരധിവാസ പ്രവര്‍ത്തവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും താത്ക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും.
ലാന്റ് റവന്യൂ കമ്മീഷണര്‍ എടി ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ട്. ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കണം.
https://www.facebook.com/Malayalivartha

























