കമ്പകക്കാനത്തെ നടുക്കിയ കൂട്ടകുരുതിയിൽ ലിബീഷും അനീഷും നടപ്പിലാക്കിയത് ക്വട്ടേഷനോ? ദുർമന്ത്രവാദിയായ കൃഷ്ണനോട് അടിമാലി സ്വദേശിക്കുണ്ടായിരുന്നത് കടുത്ത പക; കൊലപാതകത്തിന് ശേഷം മറവിൽ പോയ വമ്പൻസ്രാവിന് പിന്നാലെ അന്വേഷണ സംഘം

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പിടിയിലായ മുഖ്യ പ്രതികളായ അനീഷും ലിബീഷും നടപ്പിലാക്കിയത് ക്വട്ടേഷനാണെന്ന് സംശയം.
അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം. കൃഷ്ണന്റെ അരികില്‍ മന്ത്രവാദത്തിനായി പതിവായി എത്തുകയും ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒരു കൃഷ്ണകുമാറിന്റെ പേരു കൂടി അനീഷ് പോലീസിന് നല്‍കിയിട്ടുണ്ട്.
ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കും കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നാണ് സൂചനകള്‍. കൃത്യം ലീബീഷും അനീഷും മാത്രം ചേര്‍ന്നാണ് നടത്തിയതെന്നതും സംശയാസ്പദമായി നില നില്‍ക്കുന്ന ഘടകങ്ങളാണ്. രാത്രി 12.30 യോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലീബീഷും അരമണിക്കൂര്‍ കൊണ്ട് കൊലപാതകം നടത്തി മടങ്ങിയെന്നാണ് ഇവര്‍ പറഞ്ഞത്. കായികാഭ്യാസിയും കരുത്തനുമായ കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പോലീസ് സംശയാസ്പദമായി തന്നെ കാണുകയാണ്. കേസില്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നും വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ് (30), തൊടുപുഴ ആനക്കൂട് സ്വദേശി ഇലവുങ്കല്‍ ശ്യാം പ്രസാദ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ ശ്യാമിനോട് ഒരു ക്വട്ടേഷനുണ്ടെന്നും കമ്പകക്കാനത്ത് എത്തണമെന്നും കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ലിബീഷ് പറഞ്ഞിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ലിബീഷിന്റെ കൂട്ടുകാരാണ് സനീഷും ശ്യാംപ്രസാദും. പക്ഷേ കൃത്യത്തില്‍ തങ്ങള്‍ പങ്കാളികളായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കൊലപാതകം ചെയ്യാനും മൃതദേഹം മറവ് ചെയ്യാനും ലീബീഷിന് കയ്യുറ വാങ്ങി കൊടുത്തത് ശ്യാം പ്രസാദാണ്.
കൃഷ്ണന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണം പണയം വെച്ചുകൊടുത്തത് സനീഷായിരുന്നു. 20,000 രൂപ പ്രതിഫലവും വാങ്ങി. കൊലപാതത്തിനു ശേഷം ശ്യാം ലിബീഷിനും അനീഷിനും ഒപ്പം മദ്യപിക്കുകയും ചെയ്തു. ലിബീഷിനെയും സനീഷിനെയും ശ്യാമിനെയും തൊടുപുഴയിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ എത്തിച്ച് 40,000 രൂപയ്ക്ക് പണയം വെച്ചിരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണവും താളിയോലയും കൊലപാതകത്തിനായി പോയ ബൈക്കും ഇട്ടിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.
എന്നാല്‍ കൊലപാതകം നടത്താന്‍ സമയം കുറിച്ചു നല്‍കുകയും പിന്നീട് പിടിക്കപ്പെടാതിരിക്കാന്‍ കോഴിയെ വെട്ടുന്ന പൂജയും നടത്തിയ മന്ത്രവാദിയും കൃഷ്ണനുമായി ഒന്നരലക്ഷം രൂപയുടെ പൂജകള്‍ നടത്തിയ കൃഷ്ണകുമാറും ഒളിവിലാണ്. കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























