സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷ പരിപാടികളായ അത്തപൂവിടലും ഓണസദ്യയും മറ്റു കലാപരിപാടികളും കനത്ത മഴക്കെടുതിയെ തുടര്‍ന്ന് ഉപേക്ഷിച്ചു

സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ നടത്താന്‍ തീരുമാനിച്ച ഓണാഘോഷ പരിപാടികളായ അത്തപൂവിടലും ഓണസദ്യയും മറ്റു കലാപരിപാടികളും സംസ്ഥാനം നേരിടുന്ന കനത്ത മഴക്കെടുതിയെ തുടര്‍ന്ന് ഉപേക്ഷിച്ചു. പ്രകൃതി ക്ഷോഭം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ജീവനക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചു മാതൃകയായെന്നാണ് വിലയിരുത്തല്‍. ആഘോഷ പരിപാടികള്‍ക്കായി ജീവനക്കാരില്‍ നിന്നു സമാഹരിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ജീവനക്കാര്‍ ഓണാഘോഷത്തിന് പിരിവ് നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
തലസ്ഥാനത്തെ ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ് സെക്രട്ടറിയേറ്റിലേത്. സിനിമാ, സീരിയല്‍ താരങ്ങളുള്‍പ്പെടെയാണ് ജീവനക്കാരുടെ ആഘോഷത്തിന് മുഖ്യാതിഥികളായി എത്തിയിരുന്നത്. മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടകന്‍. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയും എല്ലാക്കൊല്ലവും നടത്തിയിരുന്നു. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ജീവനക്കാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ച് കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ഓണാഘോഷത്തിനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്.
https://www.facebook.com/Malayalivartha
























