കേരളത്തില്‍ മഴക്കെടുതി മൂലം സംഭവിച്ചത് സമാനകളില്ലാത്ത ദുരന്തമാണെന്നും കേന്ദ്ര സംഘം വീണ്ടും സംസ്ഥാനത്ത് എത്തണമെന്നും മുഖ്യമന്ത്രി

കേരളത്തില്‍ മഴക്കെടുതി മൂലം സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തമാണെന്നും കേന്ദ്ര സംഘം വീണ്ടും സംസ്ഥാനത്ത് എത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 215 ഇടങ്ങളിലാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായത്. മഴ വരുത്തിവച്ച ദുരന്തങ്ങളില്‍ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് പേരെ ഇതുവരെ കാണാതായിട്ടുണ്ട്. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
കനത്ത മഴയില്‍ 10,000 കിലോമീറ്റര്‍ റോഡും ഇല്ലാതായി. ജലസംഭരണ പരമാവധിയില്‍ എത്തിയത് മൂലം സംസ്ഥാനത്ത് 27 ഡാമുകള്‍ തുറക്കേണ്ടി വന്നു. ഇത് അസാധാരണമായ സാഹചര്യമാണെന്നും 8,316 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതി മൂലം ഒരുപാട് വളര്‍ത്തു മൃഗങ്ങളും ചത്തു. ഇതില്‍ തന്നെ പല കുടുംബങ്ങളുടെ വരുമാനമാര്‍ഗമായ വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് മുന്‍പുണ്ടാകാത്ത രീതിയില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്.
കുടിവെള്ള വിതരണവും തടസപ്പെട്ട നിലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങാത്ത സ്ഥിതിയുണ്ട്. അതിനാല്‍ വീടുകളില്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്.
രണ്ടാംഘട്ട പ്രളയക്കെടുതിയില്‍ അറുപതിനായിരത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചുവെന്നും ഇതില്‍ പകുതിയോളം ആളുകളും ക്യാമ്പുകളില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു
https://www.facebook.com/Malayalivartha
























