പ്രളയക്കെടുതിയില്‍ ആഘോഷങ്ങളില്ലാതെ ഇന്ന് ശ്രീനാരായണഗുരു ജയന്തി
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനാരായണഗുരുദേവന്റെ 164ാമത് ജയന്തി ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകളോടെ ഇന്ന് ലോകമെങ്ങും നടക്കും. ജയന്തി സമ്മേളനങ്ങളും ഘോഷയാത്രകളും ഒഴിവാക്കിയിട്ടുണ്ട്. ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയില്‍ വെളുപ്പിന് പ്രത്യേക പൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനായജ്ഞം. ഗുരുദേവ റിക്ഷയും വഹിച്ചുകൊണ്ടുള്ള യാത്ര വൈകിട്ട് 4ന് ഗുരുകുലത്തില്‍ നിന്നും പുറപ്പെട്ട് വെഞ്ചാവോട് എത്തി തിരിച്ച് ഗുരുകുലത്തില്‍ സമാപിക്കുമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ശിവഗിരിയില്‍ വെളുപ്പിന് 4.30 മുതല്‍ പൂജകളും ഹോമവും തുടങ്ങും. രാവിലെ 7ന് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. 8ന് ജപയജ്ഞം ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും അന്നദാനവും ഉണ്ടാകും. വൈകിട്ട് 4ന് ഗുരുവിന്റെ റിക്ഷയുമായി ശിവഗിരിയില്‍ നിന്നാരംഭിക്കുന്ന യാത്ര മൈതാനം ചുറ്റി വട്ടപ്ളാമൂട് വഴി ശിവഗിരിയില്‍ സമാപിക്കും.
ആലുവ അദൈ്വതാശ്രമത്തില്‍ വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ ചടങ്ങുകള്‍ ഒന്നുമില്ല. അരുവിപ്പുറത്തും കുന്നുംപാറയിലും ജപയജ്ഞമാണ്. എസ്. എന്‍.ഡി. പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിയന് ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനകളും ഗുരുപൂജയും നടത്തും.
ലോകത്തെ വിവിധ ശ്രീനാരായണ സംഘടനകളും സമ്മേളനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥനായജ്ഞങ്ങളും ദാനകര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha