തിരഞ്ഞെടുപ്പിനു മുന്നേ ആന്ധ്ര ഭരിക്കാന്‍ മമ്മൂട്ടിയുടെ യാത്ര; തെലുങ്കുദേശത്തെ ഞെട്ടിച്ചുകൊണ്ടു വൈഎസ്ആര്‍ ആയി മമ്മുട്ടി; സിനിമ തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും വിലയിരുത്തല്‍

രണ്ടു സിനിമകളാണു തിരഞ്ഞെടുപ്പിനു മുന്നോടിയായി ആന്ധ്രയില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്കു വേണ്ടി എന്‍.ടി.രാമറാവുവിന്റെ മകന്‍ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനു വേണ്ടി മമ്മൂട്ടി നായകനായി ഇറങ്ങുന്ന യാത്ര എന്ന സിനിമയും. ആദ്യത്തേത് എന്‍ടിആറിന്റെ ആത്മകഥയാണ്. രണ്ടാമത്തേതു വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡി യുടെ ആത്മകഥയും.
സിനിമ പ്രഖ്യാപിച്ചതു മുതല്‍ തെലുങ്കു താരമായ ബാലകൃഷ്ണയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ആദ്യ പോസ്റ്ററും ടീസറും പുറത്തുവിട്ടതോടെ മുന്‍തൂക്കം മമ്മൂട്ടിയുടെ വൈഎസ്ആറിനായി. തെലുങ്കുദേശത്തെ ഞെട്ടിച്ചുകൊണ്ടു വൈഎസ്ആര്‍ 2003ല്‍ മുഖ്യമന്ത്രി പദത്തിലെത്തിയതു മൂന്നു മാസം നീണ്ട പദയാത്രയിലൂടെയാണ്. ആന്ധ്രയിലെ ചൂട് 50 ഡിഗ്രി കടന്ന കാലത്താണു മൂന്നു മാസം അദ്ദേഹം യാത്ര ചെയ്തത്.
അദ്ദേഹത്തിന്റെ മുണ്ട് ഉടുക്കല്‍ അക്കാലത്തു പ്രശസ്തമായി. പരമ്പരാഗത തെലുങ്കു രീതിയില്‍ 'പഞ്ചകെട്ട്' എന്ന പറയുന്ന രീതിയില്‍ മുണ്ടുടുത്താണ് വൈഎസ്ആര്‍ യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ ചരമദിനമായിരുന്ന സെപ്റ്റംബര്‍ രണ്ടിനു റിലീസ് ചെയ്ത ടീസറിലെ മമ്മൂട്ടിയുടെ വേഷ, ഭാവങ്ങള്‍ വൈഎസ്ആറിന്റെ അതേപോലെയായിരുന്നു. സിനിമയില്‍ വിവാദ വിഷയങ്ങള്‍ പലതുമുണ്ടെന്നാണു സൂചന. വൈഎസ്ആറിന്റെ മകന്‍ ജഗ്‌മോഹന്‍ റെഡ്ഡിയുടെ പദയാത്രയും ഹിറ്റായി കഴിഞ്ഞു.
മമ്മൂട്ടിയുടെ യാത്രയെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി തിയറ്ററിലെത്തിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സിനിമ തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍
https://www.facebook.com/Malayalivartha























