ബസ് സ്റ്റാന്‍ഡില്‍ പത്താംക്ലാസ് വിദ്യാർത്ഥിനി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വനിതാ പോലീസ് പെൺകുട്ടിയുടെ ചിത്രം പകർത്തി; ഫോൺ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നൽകിയതോടെ ബസ് കണ്ടക്ടർ ഫോൺ പിടിച്ചുവാങ്ങി...പിന്നെയുണ്ടായത് വിദ്യാർത്ഥികളുടെ വളഞ്ഞിട്ടുള്ള ക്രൂരമർദ്ദനം: നെടുമങ്ങാട് സംഭവിച്ചത്

നെടുമങ്ങാട് വിദ്യാർത്ഥികൾ വനിതാ പോലീസിനെയും രണ്ട് ബസ് ജീവനക്കാരെയും വളഞ്ഞിട്ട് തല്ലി. വിദ്യാർഥിനിയുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ അഴിഞ്ഞാട്ടം. നെടുമങ്ങട് കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൺടക്ടര്‍ കെ എസ് ബൈജു, ഡ്രൈവർ എ സിയാദ്, വനിതാ കോൺസ്റ്റബിൾ സീനത്ത് എന്നിവർക്കാണ് വിദ്യാർഥികളുടെ മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് അക്രമി സംഘത്തിലെ പ്രധാനിയായ പനവൂർ മുസ്ലീം അസോസിയേഷൻ കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി അൽത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരം വിദ്യാർഥികൾ സ്റ്റാന്‍റില്‍ എത്തുന്ന സമയത്ത് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ചിത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനത്ത് എടുത്തു. ഇതാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയത്. തന്‍റെ ചിത്രം എടുത്ത പൊലീസിന്‍റെ പക്കൽ നിന്നും ഫോൺ തട്ടിയെടുത്ത് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പെൺകുട്ടി നൽകി. ഇത് ശ്രദ്ധയിൽപ്പെട്ട ബൈജു ഫോൺതിരികെ വാങ്ങി നൽകി.
ഇതോടെ ഒരു സംഘം വിദ്യാർഥികൾ ബൈജുവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ സിയാദിനെയും വിദ്യാർഥികൾ മർദ്ദിച്ചു. തുടർന്ന് ഇരുവരും ഡിപ്പോയിലെ സ്വീപ്പർമാരുടെ വിശ്രമ മുറിയിൽ അഭയം തേടിയെങ്കിലും പിന്തുടർന്നെത്തിയ വിദ്യാർഥികൾ മുറിയുടെ ഷട്ടർ താഴ്ത്തിയ ശേഷം ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അതേസമയം വനിതാ പൊലീസിന്റെ തൊപ്പി വിദ്യാർഥിനിയും മറ്റുള്ളവരും ചേർത്ത് തട്ടിത്തെറിപ്പിച്ചു. അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെയും അൽത്താഫിനെയും മറ്റു ജീവനക്കാർ തടഞ്ഞു നിർത്തി പൊലീസിനെ ഏൽപ്പിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. കെ എസ്‍ ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം വരുത്തിയതിനും അൽത്താഫിനെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha