ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ട് പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ച യുവാവിന് മറുപടിയും നല്‍കി, നിമിഷങ്ങൾക്കുള്ളിൽ നടപടി സ്വീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

രക്താര്‍ബുദത്തോട് പൊരുതി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എഴുതിയ എല്ലാ വിഷയങ്ങളിലും മികച്ച വിജയം നേടിയ ഗൗതമിനെ അഭിനന്ദിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ചുള്ള കമന്റില്‍ മറുപടിയും നല്‍കി നടപടിയും സ്വീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. മലപ്പുറം എടക്കര സ്വദേശിയായ ജിയാസ് മാടശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കമന്റിന്മേലാണ് മന്ത്രി നിമിഷങ്ങള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചത്. പിഞ്ചുകുഞ്ഞിന് വേണ്ടിയുള്ള മന്ത്രിയുടെ സമയോചിതമായ ഇടപെടല്‍ വന്‍ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയയും ജനങ്ങളും ഏറ്റെടുത്തത്.
" വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസേജ് അയക്കുന്നത്, എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ഷിഫയില്‍ എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പോള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലേക്ക് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടര്‍ പറഞ്ഞു.
ടീച്ചറേ...
എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്.ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. ജിയാസ് 8078043016 "
ജിയാസിന്റെ കമന്റിന് ഉടനടി മന്ത്രി മറുപടിയും നല്‍കി. നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മന്ത്രിയുടെ മറുപടി നല്‍കിയത് ഇങ്ങനെ, " താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും.
എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും."
മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























