അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരുന്നു. ഇത് എടുക്കുന്നതിനായി കിണറ്റിലേക്ക് ഇറങ്ങിയതായിരുന്നു ജയചന്ദ്രന്‍. എന്നാല്‍ കിണറിന്റെ ഏറ്റവും താഴേക്ക് എത്തുന്നതിന് മുന്‍പ് ഇദ്ദേഹത്തിന് ശ്വാസം മുട്ടി. പിന്നാലെ ജയചന്ദ്രന്‍ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു.
ഈ സമയം കിണറിന്റെ കരയില്‍ നിന്നിരുന്ന ഗോപിനാഥന്‍ പിള്ള ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കായംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി. ഇവരാണ് പിന്നീട് ജയചന്ദ്രനെ പുറത്തെടുത്തത്. ഉടന്‍ തന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ഓമനയമ്മ. മൃതദേഹം അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha



























