ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി കളക്ടര്‍; മെയ് 12 മുതല്‍ 14 വരെ തൃശൂര്‍ നഗരത്തില്‍ ആനകൾ പ്രവേശിക്കരുത്; നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക്

തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ രംഗത്ത്. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും. തൃശൂര്‍ പൂരത്തിന്‍റെ കാര്യത്തില്‍ ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന വ്യക്തമാക്കി.
രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവന്‍.
https://www.facebook.com/Malayalivartha


























