തൊടുപുഴയിൽ 7 വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

തൊടുപുഴയിൽ 7 വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ 2-ാം പ്രതിയാണ് ഇവര്‍. ഒന്നാം പ്രതിയും അമ്മയുടെ സുഹൃത്തുമായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
കൂത്താട്ടുകുളത്തെ കൗണ്‍സിലിങ് സെന്ററിലായിരുന്ന കുട്ടിയുടെ അമ്മയെ ഉച്ചയ്ക്ക് 12.45 ന് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണു അറസ്റ്റു രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി. കുറ്റകൃത്യം മറച്ചു വച്ചതിനും, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണു അമ്മയെ അറസ്റ്റു ചെയ്തത്. ഇവര്‍ നല്‍കിയ മൊഴിയും സാഹചര്യത്തെളിവുകളും അറസ്റ്റില്‍ നിര്‍ണായകമായെന്നു തൊടുപുഴ ഡിവൈസ്പി: കെ.പി. ജോസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 4 നാണു 7 വയസ്സുകാരന്‍ മരിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നു ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി രണ്ടു ദിവസം മുമ്പ് തൊടുപുഴ പൊലീസിനു ശുപാര്‍ശ നല്‍കിയിരുന്നു.
അമ്മയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിന്നീടു മരിച്ചു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുൺ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജയിലിലാണ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴിയെ തുടർന്നാണു കമ്മിറ്റി തീരുമാനമെടുത്തത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha



























