ചെന്നിത്തല ചുക്കാന്‍ പിടിച്ചു... പി.ജെ. ജോസഫിനെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി അണികള്‍; ചെന്നിത്തലയോടൊപ്പം രഹസ്യ പിന്തുണയുമായി ഉമ്മന്‍ ചാണ്ടി; നീക്കങ്ങള്‍ കൗതുകത്തോടെ വീക്ഷിച്ച് സിപിഎം

ജീവിച്ചിരിക്കെ കെ.എം മാണിയെ ബാര്‍ കോഴയില്‍ കുരുക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി വീണ്ടും കള്ള പണി തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ രഹസ്യ പിന്തുണയും ഇതിന് പിന്നിലുണ്ട്.
ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കുന്നതിനാണ് നീക്കം നടത്തുന്നത്. എന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ ജോസ് കെ മാണിക്ക് ഒപ്പമാണ്. ജോസ് കെ. മാണി ചെയര്‍മാനാകട്ടെ എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ സിപിഎം കൗതുകത്തോടെ നിരീക്ഷിക്കുകയാണ്.
എല്‍ഡിഎഫ് മന്ത്രി സഭയില്‍ മന്ത്രിയായിരിക്കുമ്പോള്‍ മന്ത്രി സ്ഥാനം ത്യജിച്ചത് കേരളാ കോണ്‍ഗ്രസിന്റെ ഐക്യത്തിനു വേണ്ടിയായിരുന്നെന്ന്, കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അഭിപ്രായപ്പെട്ടത് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു. പാലായില്‍ നടന്ന കെ എം മാണി അനുസ്മരണത്തിലായിരുന്നു ജോസഫിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അതിനുള്ള അംഗീകാരം ലഭിച്ചില്ലെന്ന കുറ്റപ്പെടുത്തലാണ് അദ്ദേഹത്തിന്റെ സ്വരത്തില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും താങ്ങും തണലുമായിരുന്നു കെ.എം. മാണി എന്നും പാവപ്പെട്ടവരുടെ കാരുണ്യ നാഥനായിരുന്ന കെ.എം മാണി എന്നും ജന മനസുകളില്‍ ജീവിക്കുമെന്നും പി.ജെ ജോസഫ് കൂട്ടി ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക പക്ഷവുമായി സ്വര ചേര്‍ച്ചയിലല്ലാത്ത യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്റെ നേതൃത്വത്തില്‍ പാലായില്‍ സംഘടിപ്പിച്ച കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആമുഖ പ്രഭാഷണം നടത്തി .
രാവിലെ 8 മണിക്ക് പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഫാ. ഷാജി പുന്നത്താനത്തു കുന്നേല്‍ കുര്‍ബാന ചൊല്ലി. തുടര്‍ന്ന് മാണിസാര്‍ അന്ത്യവിശ്രമം കൊള്ളുന്ന കത്തീഡ്രല്‍ പള്ളിയിലെ കബറിടത്തില്‍ അഭിവന്ദ്യ മാര്‍. ജേക്കബ് മുരിക്കന്‍ പിതാവിന്റെയും, കത്തീഡ്രല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിന്റെയും നേതൃത്വത്തില്‍ ഒപ്പീസും പ്രാര്‍ത്ഥനയും നടത്തി. ജോസ് കെ മാണി എംപിയും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ് എമ്മുമായി കൂടിയാലോചനകള്‍ നടത്താതെയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം വിപുലമായ സമ്മേളനം നടത്താനിരിക്കെയായിരുന്നു യൂത്ത്ഫ്രണ്ട് ഗോളടിച്ചത്. ഇതില്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് വിയോജിപ്പുണ്ട്.
അതിനിടെ പാര്‍ട്ടി മാസികമായ പ്രതിഛായയില്‍ ജോസഫിനെതിരായി വന്ന ലേഖനം പാര്‍ട്ടിയുടെ അറിവോടെയാണെന്ന വിശ്വാസത്തിലാണ് ജോസഫ്. ലേഖനം വാര്‍ത്തയായപ്പോള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ട് തന്റെ പ്രതിഷേധം അറിയിച്ചു. പാര്‍ട്ടിയില്‍ തന്റെതായ ഒരു ശാക്തിക ചേരി രൂപീകരിക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. കെ എം മാണി മരിച്ചത് മുതല്‍ ഇതിനു വേണ്ടി ശ്രമിക്കുകയാണ് അദ്ദേഹം.
കോട്ടയം സീറ്റ് തനിക്ക് കിട്ടാതെ വന്നപ്പോള്‍ പാര്‍ട്ടി നേതൃസ്ഥാനം തനിക്ക് വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. അന്ന് കെ എം മാണി ജീവിച്ചിരിക്കുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ രോഗം മൂര്‍ഛിച്ചത് .ഇക്കാര്യം മുന്നില്‍ കണ്ടായിരുന്നു ജോസഫിന്റെ ആവശ്യം. ഇത് സാധിച്ചു തരാമെന്ന വാഗ്ദാനം ചെന്നിത്തല നല്‍കിയിരുന്നത്രേ. അതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഛായയില്‍ വന്ന ലേഖനത്തില്‍ ചെന്നിത്തലക്കെതിരെ പരാമര്‍ശമുണ്ട്.
പാര്‍ട്ടിയും എം എല്‍ എ മാരും ജോസ് കെ മാണിക്ക് ഒപ്പം നില്‍ക്കുമ്പോള്‍ ജോസഫിന്റെ നീക്കം വിജയിക്കില്ല. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ തെരഞ്ഞടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഇടപെട്ടത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക പക്ഷത്തിന് ദഹിച്ചിട്ടില്ല.
പുതിയ നീക്കങ്ങള്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യത്തിലെത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha



























