തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നീക്കിവച്ച പണത്തിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപ്പെട്ടു, സഹായിക്കെതിരെ പരാതിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരഞ്ഞെടുപ്പ് ഫണ്ട് തന്റെ സഹായി മോഷ്‌ടിച്ചെന്നാരോപിച്ച് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പിനായി വിനിയോഗിച്ച പണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് 5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. നഷ്ടമായ പണം തിരിച്ചു നൽകണമെന്നു കൊല്ലം സ്വദേശിയോടു പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്.കൊല്ലം സ്വദേശി പൃഥ്വിരാജിനെതിരെയാണ്, ഉണ്ണിത്താന്റെ പരാതി.
പരാതി അന്വേഷണത്തിനായി മേല്‍പ്പറമ്ബ് പൊലീസിന് കൈമാറി. പരാതി നല്‍കിയ കാര്യം കൊല്ലത്തുള്ള ഉണ്ണിത്താന്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഥാനാര്‍ത്ഥിയായി ഉണ്ണിത്താന്‍ കാസര്‍കോട്ട് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പെട്ടിയും കിടക്കയും ചുമന്നു കൊണ്ടുവന്നയാളാണ് പൃഥ്വിരാജ്. ഉണ്ണിത്താന്‍ താമസിച്ചിരുന്ന മേല്‍പ്പറമ്ബിലെ വാടക വീട്ടില്‍ നിന്നാണ് പണം നഷ്‌ടമായത്. കാസര്‍കോട്ടു തന്നെ ലോഡ്‌ജില്‍ താമസിച്ചിരുന്ന ഇയാളെ ഇടയ്‌ക്ക് സ്ഥലത്തുനിന്ന് കാണാതായിരുന്നു. പിന്നീട് തിരികെ വന്ന പൃഥ്വിരാജ് തിരഞ്ഞെടുപ്പ് പ്രചാരണം പകുതി പിന്നിട്ടപ്പോള്‍ നാട്ടിലേക്കു മടങ്ങിയതായാണ് പറയുന്നത്.
https://www.facebook.com/Malayalivartha



























