ബാല ചലച്ചിത്രമേള വന്‍ വിജയത്തിലേക്ക്...ശിശുക്ഷേമ സമിതി വിവാദത്തിനില്ല; ജനറല്‍ സെക്രട്ടറി എസ്.പി ദീപക്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇതിനോടകം ജനകീയ ഉത്സവമായി മാറിയിട്ടുണ്ട്. മാധ്യമങ്ങള്‍ അടക്കമുള്ള എല്ലാവരുടെയും പിന്തുണയാണ് ഈ വിജയത്തിന് കാരണം. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ബാല ചലച്ചിത്രമേള നടക്കുന്നില്ല. ആറായിരത്തോളം കുട്ടികളും രക്ഷകര്‍ത്താക്കളുമാണ് ഡെലിഗേറ്റുകളായി പങ്കെടുക്കുന്നത്.
ജീവിതത്തില്‍ ഇതുവരെ തീയേറ്ററില്‍ സിനിമ കണ്ടിട്ടില്ലാത്ത ആദിവാസി കുട്ടികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്ക് ഇത്തരത്തിലൊരു ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ശിശുക്ഷേമ സമിതി ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് കാണുന്നത് . അനാഥാലയങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള കുട്ടികളും സിനിമയുടെ സൗന്ദര്യം ആസ്വദിക്കുന്നു. സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം ഈ മേളയിലൂടെ അവര്‍ക്ക് ലഭിച്ചു.
ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് ഈ മേള ഏറ്റെടുത്തിരിക്കുന്നത് . ആഡംബരങ്ങളില്ലാതെ കുട്ടികള്‍ക്ക് എല്ലാവിധ അവസരങ്ങളും ഒരുക്കിയാണ് മേള സംഘടിപ്പിക്കുന്നത് . കുട്ടികളുടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അറിവ് വര്‍ധിപ്പിക്കാനാണ് കേരളം സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തരത്തിലൊരു മേള നടത്തുന്നത് . ഇതിന്റെ അംഗീകാരമാണ് കഴിഞ്ഞ രണ്ട് ദിനങ്ങളിലെ ജനകീയപങ്കാളിത്തം വ്യക്തമാക്കുന്നത് .
കുരുന്നുകള്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും മേളയുടെ ഭാഗമായി ഉണ്ടാകരുത് എന്നാണ് സമിതിയുടെ ആഗ്രഹം .ഒരു വിവാദത്തിനും ആഗ്രഹിക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ . കെ ബാലന് പങ്കെടുക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യം മന്ത്രി മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിട്ടുണ്ട് . അതിനാല്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി മേളയുടെ നിറംകെടുത്തരുതെന്നും എല്ലാവരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും ജനറല്‍ സെക്രെട്ടറി അഡ്വ . ദീപക് എസ് പി അറിയിച്ചു.
https://www.facebook.com/Malayalivartha



























