കെവിന്‍ കേസില്‍ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍, വിസ്താരം നടക്കുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

കെവിന്‍ ദുരഭിമാന കൊലക്കേസില്‍ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ നടക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിര്‍ണായക സാക്ഷികളായ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് ഇന്ന് കോടതി മുന്‍പാകെ വിസ്തരിക്കുക. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.
കെവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണില്‍ പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോണ്‍ സംഭാഷണം കോടതി നേരത്തെ പരിശോധിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ബിജുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha



























