നാലാംനാള്‍ കാഴ്ചയുടെ പൂരം കലാമേളയായി; കുരുന്നുകള്‍ ആനന്ദത്തിലാറാടി

തിരുവനന്തപുരം: കുട്ടികളുടെ ചലച്ചിത്രമേളയുടെ നാലാം ദിവസം സിനിമയുടെ മാത്രമല്ല പാട്ടും ഡാന്‍സും മിമിക്രിയും അടക്കമുള്ള കലാപ്രകടനങ്ങളുടെയും വേദിയായി മാറി. സിനിമകളുടെ ഇടവേളകളില്‍ കുരുന്നുകള്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ നടത്തി. പ്രധാനവേദിയായ കൈരളി തിയേറ്ററിലായിരുന്നു ഇവയെല്ലാം അരങ്ങേറിയത്. കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയ കൂട്ടുകാരാണ് ഇടവേളകളെ ആനന്ദമാക്കാന്‍ ചുവട് വെച്ചത്. പിന്നാലെ മറ്റ് ജില്ലകളില്‍ നിന്നുള്ള കൂട്ടുകാരും ഉഷാറായി. മലപ്പുറത്ത് നിന്നെത്തിയവര്‍ നാടന്‍ പാട്ട് പാടി. തൃശൂരില്‍ നിന്നെത്തിയ ഒരു കൂട്ടി മിമിക്രി അവതരിപ്പിച്ചു.
രാവിലെ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബാലതാരം ചേതനൊപ്പം ചുവട് വെച്ച് ഐശ്വര്യ എന്ന കൊച്ചുമിടുക്കി എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ആഘോഷത്തില്‍ പങ്കാളികളായി. അങ്ങനെ കുട്ടിചലച്ചിത്രമേള കൂട്ടായ്മയുടെ വലിയ ആഘോഷമായി മാറി. ഒരുമിച്ചിരുന്ന് സിനിമകണ്ടും പാട്ടുപാടിയും ഡാന്‍സ് കളിച്ചും ഭക്ഷണം കഴിച്ചും സൗഹൃദത്തിന്റെ പുതിയലോകം സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാ കുട്ടി ഡെലിഗേറ്റ്‌സുകളും.
നല്ല സിനിമകള്‍ കാണുന്നതിനൊപ്പം വെള്ളിത്തിരയില്‍ കണ്ടിട്ടുള്ള ഇഷ്ടതാരങ്ങളുമായി സംസാരിക്കാനും സംശയങ്ങള്‍ ചോദിക്കാനും കഴിഞ്ഞത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി മാറി. സിനിമയുടെ സാങ്കേതിക വശങ്ങളും അഭിനയത്തിന്റെ രീതികളും സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതിയും മറ്റും അവര്‍ ചോദിച്ച് മനസ്സിലാക്കി. സിനിമയുടെ അണിയറ വിശേഷങ്ങളും സാങ്കേതിക കാര്യങ്ങളും മേളയിലെത്തിയ അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.
https://www.facebook.com/Malayalivartha



























