സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്

സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുന്നു. ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി 11:30 വരെ തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. തീരവും താഴ്ന്ന പ്രദേശങ്ങളുമുള്ള കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ആതിനാല്‍, ഇന്ന് ഉച്ച കഴിഞ്ഞു 2.30 മുതല്‍ നാളെ രാത്രി 11:30 വരെ വലിയ തിരമാലകള്‍ ആഞ്ഞടിക്കും. ഇത് 15 മുതല്‍ 19 സെക്കന്‍ഡ് വരെ നീണ്ടു നില്‍ക്കും. മല്‍സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേര്‍ന്നായിരിക്കും കൂടുതല്‍ അപകടസാധ്യത എന്നുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടല്‍/ ആഴക്കടല്‍ മേഖലകളില്‍ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്നതില്‍ തടസ്സമില്ല. ഹാര്‍ബറില്‍ കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകള്‍/വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായകമാകും.
കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. വള്ളങ്ങള്‍/ബോട്ടുകള്‍ തീരങ്ങളില്‍ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലില്‍ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളില്‍ ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
കൊച്ചി ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് നാളെ ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ശനിയാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ഞായറാഴ്ച് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും തിങ്കളാഴ്ച കോഴിക്കോടും കണ്ണൂരിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 11 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചാലുടന്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായി മലയോര മേഖലകളിലും, ബീച്ചുകളിലും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമിയില്‍ വിള്ളല്‍ എന്നിവ കണ്ടെത്തിയ സ്ഥലങ്ങള്‍ വേഗത്തില്‍ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാര്‍ശ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിങ് ആന്ഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളിലായി വിന്യസിച്ചു. മൊത്തം 50 സംഘങ്ങളാണുള്ളത്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എര്‍ണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha