ലൈബ്രറി നിറയുന്നു ജന്‍മദിനാഘോഷങ്ങളാല്‍...ഓര്‍മക്കുമ്പിള്‍ നിറയെ സുഖദമായ വായനാനുഭവം

നെടുങ്കണ്ടം ബിഎഡ് കോളജിലെ ലൈബ്രറി കേവലം പുസ്തകശാല മാത്രമല്ല. വിദ്യാര്‍ഥികളുടെ ജന്മദിന സമ്മാനങ്ങളാല്‍ നിറഞ്ഞുകവിയുകയാണ് ഇവിടത്തെ ഷെല്‍ഫുകള്‍.
സ്വസ്ഥമായി വായിക്കാനും എഴുതാനുമുള്ള ഇടം മാത്രമല്ല നെടുംങ്കണ്ടം ബിഎഡ് കൊളജ് ലൈബ്രറി. ഈ ലൈബ്രറി ഹാളിലെ പ്രഭാതങ്ങള്‍ ഒട്ടുമിക്ക ദിവസങ്ങളിലും ജന്മദിന ആഘോഷങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമാകും. കേക്ക് മുറിക്കലോ മധുരവിതരണമോ ഉണ്ടാകാറില്ല. പകരം ഒരുകൂട്ടം സഹപാഠികളോടൊപ്പമെത്തി ജന്മദിനം ആഘോഷിക്കുന്ന ആള്‍, കുറേയേറെ പുസ്തകങ്ങള്‍ പ്രധാന അധ്യാപകന് സമ്മാനിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച വ്യത്യസ്ത പരിപാടി നിയമം പോലെ പിന്തുടര്‍ന്ന് വരികയാണ് എല്ലാവരും. ലൈബ്രേറിയന് പുസ്തകങ്ങള്‍ കൈമാറി രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതോടെ ആഘോഷങ്ങള്‍ അവസാനിച്ച് ലൈബ്രറി ഹാള്‍ വീണ്ടും ശാന്തമായ വായനാനുഭവത്തിലേക്ക് വഴിമാറും.
വിദ്യാര്‍ഥികള്‍ നല്‍കിയ പുസ്തകങ്ങള്‍ക്കൊപ്പം കോളജിലെ പുസ്തകങ്ങളും, പത്രങ്ങളും, ആനുകാലികങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണ വായനാനുഭവമാണ് ഈ ഗ്രന്ഥശാല നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍.വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായ്ക്കാനാവാത്ത ഓര്‍മക്കൂടായി ഈ ലൈബ്രറി അറിവ് പകര്‍ന്ന് വലുതാവുകയാണ്, ഓരോ ജന്മദിനത്തിലും.
https://www.facebook.com/Malayalivartha