സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി. തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമായതിനാല്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി കെ അബ്ദുല്‍ വഹാബ് നല്‍കിയ ഹര്‍ജയെ തുടര്‍ന്ന് ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി. പ്രാഥമിക വാദത്തിന് ശേഷമാണ് കോടതി കടുത്ത നിലപാടെടുത്തത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തെരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഖിലേന്ത്യാനേതൃത്വം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വഴി മെമ്പര്‍ഷിപ്പിനും നോമിനേഷനുമായി കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ഇന്നലെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് പണം പിരിച്ചെടുത്ത് ധൂര്‍ത്ത് നടത്തുന്നതിനെതിരെ കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങുകയാണ്. അതിനിടെയാണ് കോടതി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയത്. കേരളത്തിലെ പല നേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് രീതിയോട് കടുത്ത അതൃപ്തിയാണുള്ളത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോയാല്‍ യൂത്ത് കോണ്‍ഗ്രസിലും യൂത്ത്‌കോണ്‍ഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെമ്പര്‍ഷിപ്പിന് 75 രൂപയാണ് തെരഞ്ഞെടുപ്പ് നടത്തുന്നസ്വകാര്യ ഏജന്‍സി ഫീസ് ഈടാക്കിയിരുന്നത്. നിശ്ചിത സമയം കഴിഞ്ഞ് അംഗത്വം എടുക്കാന്‍ ചെന്നാല്‍ 150 രൂപ നല്‍കണമായിരുന്നു. അങ്ങനെ ആറ് കോടിയോളം രൂപ കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സ്വകാര്യ ഏജന്‍സിവഴി പിരിച്ചെടുത്തെന്നാണ് ആക്ഷേപം. 14 ജില്ലകളിലെയും സംസ്ഥാന നേതൃത്വത്തിലെയും തെരഞ്ഞെടുപ്പ് നടത്തുന്നതിനും മറ്റുമായി നാല് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പണം തട്ടാന്‍ സ്വകാര്യ ഏജന്‍സി തന്ത്രപരമായ നീക്കമാണ് നടത്തിയതെന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മൂന്ന് വോട്ട് കിട്ടുന്നവര്‍ക്ക് ജില്ലാ സെക്രട്ടറിയാകാം എന്നാണ് സ്വകാര്യ തെരഞ്ഞെടുപ്പ് ഏജന്‍സിയുടെ നിര്‍ദ്ദേശം. അതോടെ ഒരു ജില്ലയില്‍ നിന്ന് 100ലധികം നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഒരു നാമനിര്‍ദ്ദേശ പത്രികയുടെ വില 7500 രൂപയാണ്. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നായി കോടികളാണ് കൊയ്യുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് ഈ തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയത്.
സ്‌റ്റേ നീക്കം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രവീന്ദ്ര ദാസും തെരഞ്ഞെടുപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സിയും ഏര്‍പ്പെടുത്തിയ വക്കീലാകട്ടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ അല്‍ജോ കെ ജോസഫാണ്. ഇതിനെതിരെയും യൂത്ത് കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വിവാദമായ അഗസ്ത്യാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റലിക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം എടുക്കാന്‍ കോടതിയില്‍ ഹാജരായതിനാണ് ഇടുക്കി സ്വദേശിയായ അല്‍ജോ കെ. ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. തെരഞ്ഞെടുപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സിയും രവീന്ദ്രദാസും അല്‍ജോ കെ. ജോസഫസും തമ്മില്‍ നല്ല ബന്ധമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha