നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ കേസിൽ എട്ടരവർഷത്തിനുശേഷം വിധി ഇന്ന്... പ്രതികളെല്ലാവരും ഇന്ന് കോടതിയിൽ ഹാജരാകും

ഉറ്റുനോക്കി കേരളം.... യുവനടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ കേസിൽ വിധി ഇന്ന്. എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പറയുക.
ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ എട്ടരവർഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുൾപ്പെടെ 10 പ്രതികളാണുള്ളത്. പെരുമ്പാവൂർ സ്വദേശി എൻ.എസ്. സുനിലാണ് (പൾസർ സുനി) ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയാണ്.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി. ശരത്ത് പത്താം പ്രതിയാണ്. പ്രതികളെല്ലാവരും ഇന്ന് കോടതിയിൽ ഹാജരാകും.
അതേസമയം 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























