വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം; ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തുമ്പോൾ പലരുടെയും ഉള്ളുപിടഞ്ഞു: പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പ് ദുരൂഹത ഉയർത്തുന്നു... എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല

പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പ് ദുരൂഹത ഉയർത്തുന്നു. കത്തിലെ എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല എന്ന വാചകമാണ് ദുരൂഹത ഉയര്‍ത്തുന്നത്. വ്യാഴാഴ്ച വൈകീട്ടുവരെ വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. വ്യാഴാഴ്ച രാത്രിയിലായിരിക്കും ഇവര്‍ മരിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രമയുടെ മുഖത്ത് കരിവാളിച്ച അടയാളവും കണ്ടെത്തി. മൃതദേഹങ്ങള്‍ അഴുകിയിരുന്നതുമൂലം കാഴ്ചയില്‍ മറ്റു തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്.
മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ കുറിച്ചിരുന്ന വാക്കുകളാണ് പോലീസിനെ ഇപ്പോഴും കുഴപ്പിക്കുന്നത്. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ബന്ധുക്കളുമായും അയല്‍വാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാന്‍സി ഷോപ്പില്‍ ഒരു മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. രണ്ടാഴ്ച മുമ്പ് കടയുടമ രമയെ ചുമതലയേല്‍പ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്. വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
നയനയുടെയും നീരജിന്റെയും അധ്യാപകർക്ക് മിടുക്കരായ വിദ്യാർത്ഥികൾ എന്നേ പറയാൻ ഉള്ളൂ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പഠിച്ച നയന ഇപ്പോൾ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മികച്ച പഠനം കാഴ്ചവെക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം. മരിച്ച വിനോദിന്റെയും ഭാര്യ രമയുടെയും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മറ്റൊരു ഫോണ്‍കൂടി വീട്ടില്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ മരണ കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധനയ്ക്ക് ശേഷം പുല്ലൂറ്റ് ചാപ്പാറയിലുള്ള സഹോദരന്‍ ബിനിലിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തിങ്കളാഴ്ച രാത്രി 7.30-നായിരുന്നു ശവസംസ്‌കാരം. മരിച്ച വിനോദിന്റെ സഹോദരനായ ബിനിലാണ് ചിതകള്‍ക്ക് തീകൊളുത്തിയത്.
https://www.facebook.com/Malayalivartha