ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും; ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല; കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം; ദേവനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി

കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ(7)യുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പോലീസിന് കൈമാറി.
കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെയാണ് ദേവനന്ദയെ കാണാതായത്. മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും ആറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്.
അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ ദേവനന്ദയെ കണ്ടില്ല.
കുട്ടിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തി. കുട്ടിയെ കാണാതായി പരാതി ലഭിച്ച ഉടൻ പൊലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള പള്ളിമൺ ആറ്റിലും മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. വൈകിട്ട് ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റിൽ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha