വന്യമൃഗ വേട്ട: സംഘാംഗം വെടിയേറ്റു മരിച്ച കേസില്‍ 2 പേര് അറസ്റ്റില്‍
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എടപ്പുഴയില്‍ വനത്തോടു ചേര്‍ന്ന മിച്ചഭൂമിയില്‍ നായാട്ടിനെത്തിയ സംഘത്തിലൊരാള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. വാളത്തോടെ തടിക്കല്‍ സിജു ജോസഫ് (50), എടൂരിലെ വട്ടമറ്റത്തില്‍ റോയി (42) എന്നിവരെയാണ് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍, കരിക്കോട്ടക്കരി എസ്ഐ മുഹമ്മദ് നജ്മി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മുന്‍ അയ്യന്‍കുന്ന് പഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകനുമാണ് സിജു ജോസഫ് എന്ന് അന്വേഷണ സംഘം പറഞ്ഞു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി വന്യജീവി വേട്ടയ്ക്ക് എത്തിയതിനാണ് കേസ്. എടൂര്‍ ഇളമ്പയിലെ പുലുക്കി പി.ആര്.മോഹനനാണ് (52) തിങ്കളാഴ്ച എടപ്പുഴയില്‍ വെടിയേറ്റ് മരിച്ചത്.
താല്‍ക്കാലിക ഷെഡ് ഉള്‍പ്പെടെ നിര്‍മിച്ച്, സംഭവം നടന്ന പ്രദേശത്ത് വന്യമൃഗ വേട്ട സ്ഥിരമായി നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാല്‍മുട്ടില്‍ വെടിയേറ്റ നിലയിലായിരുന്നു മോഹനന്. കൂടെയുണ്ടായിരുന്നവര്‍ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ച് എത്തുമ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. കരിക്കോട്ടക്കരി എഎസ്ഐമാരായ സി.രാജു, സജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷംസുദ്ദീന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha