തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

മെയ് 18 മുതൽ 20 വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ ഇതിന്റെ സ്വാധീന ഫലമായായി തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കുക. മലയോര മേഖലയിലേക്ക് അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ എത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടത്തും വ്യാപക മഴ കഴിഞ്ഞ ദിവസം ലഭിച്ചു. തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ, ഇന്ത്യയിലേക്ക് മഴ കൊണ്ടുവരുന്ന ഒരു സീസണൽ കാറ്റ് കൂടിയാണ്. ഇത് ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും നിർണായകമാണ്. കാരണം ഇത് രാജ്യത്ത് ഒരു വർഷം ലഭിച്ചേകകാവുന്ന മഴയുടെ ഭൂരിഭാഗവും ലഭിയ്ക്കുന്നത് ഈ ഘട്ടത്തിലാണ്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി പലപ്പോഴും മറ്റൊന്നാണ്.
ഇക്കുറി ഉഷ്ണതരംഗം ബാധിച്ചിരുന്നതിനാലും ഡാമുകളിലെ വെള്ളത്തിൻ്റെ അളവിലുണ്ടായ കുറവിനാലും വേനൽ മഴ ആശ്വാസമായിരുന്നെങ്കിലും മൺസൂൺ തുടങ്ങുന്നതോടെ സംസ്ഥാനത്തിൻ്റെ സ്ഥിതി ആകെ മാറാനാണ് സാധ്യത. മൺസൂൺ തെക്കുപടിഞ്ഞാറ് നിന്ന് വീശി ജൂൺ ആദ്യം കേരളത്തിൽ എത്തുകയും സെപ്റ്റംബർ അവസാനത്തോടെ പിൻവാങ്ങുകയും ചെയ്യും. ഐഎംഡിയുടെ കണക്കനുസരിച്ച്, ഈ വർഷം, മൺസൂൺ സീസണിൽ സാധാരണയിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22 cm നും 48 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 53 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
https://www.facebook.com/Malayalivartha