നികുതി നല്‍കുന്നത് സംസ്കാരത്തിന്റെ ഭാഗമാകണം, മന്ത്രി കെ.എം.മാണി
നികുതി നല്‍കുന്നത് സംസ്കാരത്തിന്റെ ഭാഗവും ജീവിതശൈലിയുമായി മാറണമെന്ന് ധന-നിയമ-ഭവന മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. ഒരു പരിഷ്കൃത സമൂഹമായി മാറാന്‍ ആ സംസ്കാരം ആവശ്യമാണ്. അത് തന്റെ സമൂഹത്തോടും തന്നോടുതന്നെയുമുള്ള കടപ്പാടിന്റെ ഭാഗമായി കാണണം. ജനങ്ങളെ പിഴിഞ്ഞ് നികുതി ഈടാക്കുന്ന കാലം കഴിഞ്ഞു, മന്ത്രി മാണി പറഞ്ഞു.
സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ `വാറ്റ്'രജിസ്ട്രേഷന് ഒറ്റത്തവണ പ്രോത്സാഹന പദ്ധതി, വില്പന നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനുളള `ആംനസ്റ്റി സ്കീം'എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.റ്റി. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സ്കീമുകള്‍ പ്രയോജനപ്പെടുത്തുന്ന വ്യാപാരികളെ മുന്‍കാല നികുതി ബാദ്ധ്യതകളില്‍ നിന്നും അതു സംബന്ധിച്ച അനേഷണത്തില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. വളരെ ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളാണ് ഇക്കാര്യത്തില്‍ അവലംബിക്കുക.
ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ഡോ.ശശിതരൂര്‍ മുഖ്യാതിഥിയായി.
ചെറുകിട വ്യാപാരികളുടെയും വ്യാപാരിസംഘടനകളുടെയും അഭ്യര്‍ഥന മാനിച്ച് വാറ്റ് രജിസ്ട്രേഷന് എടുക്കുന്നതിനുള്ള വിറ്റുവരവ് പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമായി ഉയര്‍ത്തി. ഈ പരിധി കണക്കാക്കുമ്പോള്‍ പോലും രജിസ്ട്രേഷന് എടുക്കേണ്ട ലക്ഷക്കണക്കിനാളുകള്‍ വാറ്റ് രജിസ്ട്രേഷന് നെറ്റ്വര്ക്കിന് പുറത്താണ്. മുന്‍കാലനികുതി ബാദ്ധ്യതകളേയും ശിക്ഷാനടപടികളേയും ഭയന്നാണ് പലരും പുറത്തുനല്ക്കുന്നത്. അത് മനസ്സിലാക്കിയാണ് വാണിജ്യനികുതിവകുപ്പ് ആകര്‍ഷകവും ഉദാരവുമായ ഒരു സകീം ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.
നികുതി വകുപ്പ് സെക്രട്ടറി എ.അജിത്കുമാര്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ബിജു രമേശ്, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബന്നിഇമ്മട്ടി, കേരള ടാക്സ് പ്രാക്റ്റീഷ്നേഴ്സ് അസോസിയേഷന് പ്രസിഡന്റ് വിജയന് ആചാരി, വാണിജ്യനികുതി കമ്മിഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ബി.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha