ഇളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം; ലോക്ക് ഡൗണ്‍ മെയ് 31 വരെയെന്ന് സൂചന; മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം
ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 31 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്നാണ് സൂചന ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നതാണ് നിര്‍ണായക തീരുമാനം. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്കി. സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചയ്ക്കിടെയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നമ്മള് തയാറെടുക്കണം. സ്കൂള്‍, കോളജ് അധ്യയനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തേടണം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാനങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് ഉചിതമായ പരിഗണന നല്‍കും. എല്ലാവരുടെയും ആവേശം ഈ പോരാട്ടം വിജയിക്കാന്‍ നമ്മളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഈ മാസം 31 വരെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പാടില്ലെന്ന് തമിഴ്നാടും തെലങ്കാനയും ആവശ്യപ്പെട്ടു. അടച്ചിടല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് കേരളം ഉള്‍പ്പടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. അടച്ചിടല്‍ നീട്ടേണ്ടതില്ലെന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്.
എന്നാല്‍, രോഗവ്യാപനമില്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും ഡല്‍ഹി ഉള്‍പ്പടെ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി സാമ്പത്തികപ്പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സന്തുലിതമായ സമീപനമാണ് വരുംദിവസങ്ങളില്‍ നടപ്പാക്കേണ്ടതെന്ന് ആമുഖപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. ഇളവുകള്‍മൂലം രോഗം ഗ്രാമങ്ങളിലേക്കു പടരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിനുശേഷം അഞ്ചാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. വൈകീട്ട് നാലിനുതുടങ്ങിയ യോഗം രാത്രി വൈകിയാണ് അവസാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്കി.
" f
https://www.facebook.com/Malayalivartha