കരിപ്പൂരിൽ ലാൻഡിങ് പാളിയതോ...? ; ഫ്ലാപ്പുകൾ ലാൻഡിങ് പൊസിഷനിൽ, ത്രസ്റ്റ് ലീവർ ടേക്ക് ഓഫ് പൊസിഷനിൽ; ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായി വിദഗ്ധർ

നാടിനെ ഓട്ടടക്കം നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് വ്യോമയാന വിദഗ്ധർ. അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണെന്നും കോക്പിറ്റിന്റെ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം ചിത്രങ്ങൾ കണ്ട വിദഗ്ധരുടെ നിഗമനം ഇങ്ങനെയാണ്....
റൺവേയിൽ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാൽ വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാൽ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തിൽ വ്യക്തം. ഇത് ലാൻഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നാണു ചിത്രത്തിലെ എൻജിൻ സ്റ്റാർട്ട് ലീവറിന്റെ സ്ഥാനം നൽകുന്ന സൂചന. വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാമെന്നാണ് അനുമാനം. അപകടത്തിന്റെ ആഘാതത്തിലോ കോക്പിറ്റിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടയിലോ ലീവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന ചോദ്യത്തിന് അത് സംഭവിക്കില്ല എന്നാണു വിദഗ്ധർ പറയുന്നത്.
അതേസമയം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും ആണ് അപടത്തിനു കാരണമെന്നും നിഗമനങ്ങൾ പുറത്തു വരുന്നുണ്ട്. റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട്. വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
അപകടത്തിൽ പൈലറ്റും കോപൈലറ്റും അടക്കം 18 യാത്രികരാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിട്ടുണ്ട്. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.
https://www.facebook.com/Malayalivartha