കൈവെട്ടു കേസില്‍ കോടതി വിധി ഇന്ന്, ആക്രമിച്ചവര്‍ക്ക് പണ്ടേ താന്‍ മാപ്പു നല്‍കിയെന്ന് പ്രൊഫ. ടി ജെ ജോസഫ്

കൈവെട്ടു കേസില്‍ ഇന്ന് കോടതി വിധി പറയും. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിലാണ് വിധി. മൂന്ന് തവണ മാറ്റിവച്ച വിധിയാണ് ഇന്ന് പ്രസ്താവിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 31 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അദ്ധ്യാപകന്റെ കൈവെട്ടിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊടുക്രൂരതയ്ക്ക് പിന്നിലെന്നാണ് ആരോപണം.
ചോദ്യപേപ്പര്‍ വിവാദമായതോടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടിജെ ജോസഫിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ തൊടുപുഴ സിജെഎം കോടതി ടിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.അതേസമയം തന്നെ ആക്രമിച്ചവര്‍ക്ക് പണ്ടേ താന്‍ മാപ്പു നല്കിയതാണെന്ന് പ്രൊഫ. ടി ജെ ജോസഫ് പ്രതികരിച്ചു. ആരോടും തനിക്ക് പരിഭവവും പരാതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















