കരുണാകരനെയും ആന്റണിയേയും താഴെയിറക്കിയ തിരുത്തല്‍ വാദവുമായി രമേശ് ചെന്നിത്തല വീണ്ടും, ലക്ഷ്യം ഉമ്മന്‍ചാണ്ടി

ഇന്നലെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളം ഇനി എങ്ങോട്ട്? എന്ന മുഖാമുഖത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേതൃമാറ്റം എന്ന ആവശ്യം അജണ്ടയില്‍ ഇല്ലെന്നും എന്നാല്‍ ഭരണതലത്തില്‍ ചില തിരുത്തലുകള്‍ വേണമെന്നും പറഞ്ഞു. ഇത്തരത്തില്‍ തിരുത്തല്‍വാദത്തില്‍ തുടങ്ങിയതാണ് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റുന്നതിലേക്ക് വഴിവച്ചത്. ഇതേ തിരുത്തല്‍ പ്രശ്‌നവും പ്രതിച്ഛായ ചര്‍ച്ചയുമാണ് എ.കെ. ആന്റണിയേയും മുഖ്യമന്ത്രി പദത്തില്‍ നിന്നും നിഷ്‌ക്കാസിതനാക്കിയത്. ഇനി അടുത്തത് ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്കാണ് തിരുത്തല്‍ വാള്‍ ഉയര്‍ത്തുന്നത്. മന്ത്രി കെ ബാബുവിനെ വെട്ടിയായിരിക്കും തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രി ചെയ്തു കഴിഞ്ഞു. വിജിലന്‍സ്,മൊഴി ,തെളിവെടുപ്പ് തുടങ്ങിയ തിരുത്തലുകളെല്ലാം ബാബുവിനെ പിടികൂടാന്‍ പിറകേ വരും.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനും എ ഗ്രൂപ്പിന്റെ കരുത്തനായ നേതാവുമായ മന്ത്രി കെ. ബാബുവിനെതിരേ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള തീരുമാനവും ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. ആദ്യം രമേശ് ചെന്നിത്തലയുടെ പേരു പറഞ്ഞിരുന്ന ബിജു രമേശ് രഹസ്യമൊഴിയില്‍ അതൊഴിവാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അവര്‍ക്ക് പരാതിയുണ്ട്. ഈ കേസില്‍ രമേശിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം എ ഗ്രൂപ്പ് തുടക്കം മുതലേ ആരംഭിച്ചുവെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. മാണിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷം നിയമസഭയില്‍ മാണി ഗ്രൂപ്പിന്റെയും ലീഗിന്റെയും എം.എല്‍.എമാരെ രമേശിനെതിരെ തിരിച്ചുവിടാന്‍ രണ്ട് പ്രമുഖ എ ഗ്രൂപ്പ് എം.എല്‍.എമാര്‍ ശ്രമിച്ചെന്ന് അവര്‍ വിശദീകരിക്കുന്നു. ഘടകകക്ഷികളെ ഉപയോഗിച്ച് ആഭ്യന്തരവകുപ്പ് രമേശില്‍ നിന്നും പിടിച്ചെടുക്കാനുള്ള നീക്കമാണ് അവര്‍ പയറ്റുന്നതെന്നും ഇപ്പോള്‍ അതിന് ഇതുകൂടി ആയുധമാക്കുന്നുവെന്നേയുള്ളെന്നും ഐ ഗ്രൂപ്പും പറയുന്നു.
ജനതാദളി(യു)ന്റെ നിലപാടും ബാര്‍ക്കോഴയും മൂലം പ്രതിസന്ധിയിലായ യു.ഡി.എഫ്. രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിന് മൂര്‍ത്തഭാവം കൈവരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്നണിയില്‍ വന്ന് ഏഴു വര്‍ഷത്തോളമായിട്ടും ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ലെന്നാണ് ജെ.ഡി.യുവിന്റെ പരാതി. കോഴിക്കോട് ജില്ലയിലെ യു.ഡി.എഫ്. നേതൃത്വമാണ് അവര്‍ ആവശ്യപ്പെടുന്നത്. നേതൃത്വം വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ് തയാറല്ല. ലീഗിനെ അവഗണിച്ച് ദളിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനും കഴിയില്ല. ഇക്കാര്യത്തില്‍ ലീഗ് തീരുമാനം എടുക്കട്ടെയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പി. വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച യു.ഡി.എഫ്. ഉപസമിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ തമ്മില്‍പ്പോരിന് വഴിതുറക്കും. റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി പറയുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. ബാലഗോപാല്‍, കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന്‍ എന്നിവര്‍ എ ഗ്രൂപ്പിന്റെ ശക്തരായ നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരുമാണ്.
ഇവരെക്കാളൊക്കെ കുറ്റം ചെയ്തുവെന്ന് കമ്മിറ്റി നിഗമനത്തിലെത്തിയ പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഐ ഗ്രൂപ്പുകാരനാണ്. എന്നാല്‍, ഡി.സി.സി. പ്രസിഡന്റ് എന്നല്ലാതെ അദ്ദേഹത്തിന്റെ പേര് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ ഐ ഗ്രൂപ്പ് നേതാവുകൂടിയായ പി.പി. തങ്കച്ചന്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. ഇത് കുറഞ്ഞപക്ഷം ആ ജില്ലയിലെങ്കിലും ഗ്രൂപ്പ് പോര് ശക്തമാക്കും. കോണ്‍ഗ്രസിനെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടില്‍ പോലും ഗ്രൂപ്പുകളിച്ചുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















