മൈക്രോഫിനാന്‍സില്‍ പണമടച്ചവര്‍ക്കു പണവുമില്ല, അടച്ചതിനു രേഖയുമില്ല; എല്‍ഐസിയെ വിശ്വസിച്ചവര്‍ പെരുവഴിയില്‍

എല്‍.ഐ.സിയുടെ മൈക്രോഫിനാന്‍സ് പോളിസിയില്‍ ചേര്‍ന്ന ആയിരക്കണക്കിന് ഇടപാടുകാര്‍ പെരുവഴിയിലായിരിക്കുകയാണ്. ഇടപാടുകാര്‍ വര്‍ഷങ്ങളായി എല്‍.ഐ.സിയില്‍ അടച്ച കോടിക്കണക്കിനു രൂപയ്ക്ക് ഒരു തുമ്പുമില്ല.
സാധാരണക്കാര്‍ക്ക് നിക്ഷേപസൗകര്യം ഒരുക്കിയായിരുന്നു മൈക്രോ ഫിനാന്‍സ്്പദ്ധതിയുടെ കടന്നു വരവ്. മാസം നൂറോ ഇരുനൂറോ അടച്ചാല്‍ മതിയാവുന്ന സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലായിരുന്നു എല്‍.ഐ.സി യുടെ മൈക്രോഫിനാന്‍സ് പോളിസി. ഇതിനാല്‍ പോളിസിയില്‍ ചേര്‍ന്നവരില്‍ അധികവും കൂലിപ്പണിക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരായിരുന്നു.
എന്നാല്‍ അടച്ച തുക തിരികെ ലഭിക്കാതെ ആയിരക്കണക്കിനുപേര്‍ എല്‍.ഐ.സിയുടെ തട്ടിപ്പിന് ഇരയാവുകയായിരുന്നു. മാസത്തവണകള്‍ മുടങ്ങാതെ അടച്ചു വരുന്ന നിരവധി വീട്ടമ്മമാരും കൂലിപ്പണിക്കാരുമാണ് ഇന്നലെ ജില്ലയിലെ വിവിധ എല്‍.ഐ.സി കേന്ദ്രങ്ങളില്‍ പരാതിയുമായി തടിച്ചുകൂടിയത്. കോഴിക്കോട് എല്‍.ഐ.സി റീജണല്‍ ഓഫീസ് നേരിട്ടായിരുന്നു മൈക്രോ ഫിനാന്‍സ് പോളിസിയുടെ നടത്തിപ്പ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് ഏജന്‍സികളെ ചുമതലപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ സബ് ഏജന്‍സിയായ ഒലീന മഹിളാസമാജം വഴി ഇടപാട് നടത്തിയ ആയിരക്കണക്കിന് ആളുകളുടെ മാസാന്ത്യ പ്രീമിയം തുക എല്‍.ഐ.സിയില്‍നിന്നും നഷ്ടമായിരിക്കുകയാണ്.
അതേസമയം, ഒലീന മഹിളാ സമാജം വഴി ഇടപാട് നടത്തിയിരുന്ന എല്‍.ഐ.സി മൈക്രോപോളിസി ഉപയോക്താക്കളുടെ പ്രശ്‌നം പരിഹരിച്ച് തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഒലീന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒലീന മഹിളാ സമാജത്തെയും എല്‍.ഐ.സിയെയും ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അഥോറിറ്റി(ഐ.ആര്‍.ഡി.എ)യുടെ ഹൈദരാബാദ് ഓഫീസില്‍ 2014 ഡിസംബര്‍ 23ന് ഹിയറിങിന് വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഒലീന എല്‍.ഐ.സിയില്‍ അടച്ച തുക തിട്ടപ്പെടുത്താനും ഒലീന മഹിളാ സമാജം ഏജന്റുമാര്‍ സ്‌പെസിഫെയ്ഡ് പേഴ്‌സണല്‍ പോളിസി ഉടമകളുടെ പാസ് ബുക്കില്‍ രേഖപ്പെടുത്തി കൈപ്പറ്റിയ പ്രീമിയം കളക്ഷന്‍ തുകയുടെ അടിസ്ഥാനത്തില്‍ പോളിസികള്‍ അപ്‌ഡേറ്റ് ചെയ്യാനും ഐ.ആര്‍.ഡി.എ എല്‍.ഐ.സിയോട് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍, രാമനാട്ടുകര തുടങ്ങിയ എല്‍.ഐ.സി കേന്ദ്രങ്ങളില്‍ മൈക്രോ പോളിസി ഉപയോക്താക്കളുടെ ക്യാമ്പ് വിളിച്ചിരുന്നത്. എന്നാല്‍ ജില്ലയിലെ നാലു കേന്ദ്രങ്ങളിലും തടിച്ചു കൂടിയ ആയിരക്കണക്കിന് ഇടപാടുകാരുടെ പകുതിയിലധികം അടവുകള്‍ക്ക് യാതൊരു വിധ രേഖയും എല്‍.ഐ.സിയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഓരോ കേന്ദ്രത്തിലും ബഹളമായി. ഇടപാടുകാര്‍ തുക ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തി അനുനയിപ്പിക്കുകയായിരുന്നു.
രണ്ടു വര്‍ഷം വരെ അടച്ചാല്‍ പോളിസി തുക തിരികെ നല്‍കണമെന്നിരിക്കെയാണ് അഞ്ചും എട്ടും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുക തിരികെ നല്‍കാത്ത എല്‍.ഐ.സിയുടെ നടപടി. അമ്പതും അറുപതും തവണകള്‍ അടച്ച നിരവധി പേരുടെ അക്കൗണ്ടില്‍ പകുതി ഗഡുക്കള്‍ മാത്രമാണ് രേഖയില്‍ കയറിയതെന്ന് പരിശോധനയില്‍ വ്യക്തമായി. അടച്ച തുകയെങ്കിലും തിരികെ ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇതിനായി വരും ദിവസങ്ങളില്‍ എല്‍.ഐ.സിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കാനാണ് ഇടപാടുകാരുടെ തീരുമാനം. അതേസമയം സബ് ഏജന്‍സിയായ ഒലീന മഹിളാ സമാജം പിരിച്ച തുക എല്‍.ഐ.സിയില്‍ അടയ്ക്കാത്തതാണ് പ്രശ്‌നകാരണമെന്ന് എല്‍.ഐ.സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















