പിടികൂടിയത് ഇങ്ങനെ... ചായകുടിക്കാന്‍ എത്തിയപ്പോള്‍ പൊലീസ് വളഞ്ഞു; ചെറുത്ത് നില്‍പ്പ് കൂടാതെ രൂപേഷും സംഘവും കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പില്‍ കയറി

കേരളത്തെ ഏറെക്കാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തു. കേരളാ പൊലീസിന്റെ സജീവ സഹായത്തോടെയാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് സംഘടനയിലെ ഭിന്നതകള്‍ മുതലാക്കി കേരളം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് രൂപേഷും ഭാര്യ ഷൈനയും പിടിയിലായത്.
രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് കോയമ്പത്തൂരിന് 20 കിലോമീറ്റര്‍ അകലെ കരിമത്തുംപെട്ടിയില്‍ വച്ച് ആന്ധ്ര പൊലീസിന്റെ പിടിയിലായത്. മലയാളിയായ അനൂപും തമിഴ്‌നാട് സ്വദേശി കണ്ണനും വീരമണി എന്ന ഈശ്വറും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ് രൂപേഷ്. സിപിഐ. മാവോയിസ്റ്റിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമാിയുന്നു രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന.
കേരളാ പൊലീസ് ഇവരെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. തണ്ടര്‍ ബോള്‍ട്ടാണ് ഇവരെ പിടിക്കാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കിയത്. ഇത് മനസ്സിലാക്കിയാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നത്്. ഇതും കേരളാ പൊലീസ് തിരിച്ചറിഞ്ഞു.
അങ്ങനെ ദക്ഷിണേന്ത്യയിലെ മൂന്ന് പൊലീസ് സേനകള്‍ ഒരുമിച്ചപ്പോള്‍ രൂപേഷ് കുടുങ്ങുകയായിരുന്നു. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു ബേക്കറിയില്‍ ചായകുടിക്കാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചെറുത്തു നില്‍പ്പുകള്‍ കൂടാതെ കീഴടങ്ങി. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആഴ്ചകളോളമായി ഇവര്‍ കരിമത്താംപെട്ടിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പച്ച നിറമുള്ള കാറില്‍ പാഞ്ഞെത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറുകള്‍ വലിച്ചടച്ച ശേഷം കട വളയുകയായിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ പൊലീസ് സംഘമെത്തി അറസ്റ്റിലായവരെ പീളമേട്ടിലുള്ള ക്യു ബ്രാഞ്ചിന്റെ റൂറല്‍ ഓഫിസിലേക്ക് കൊണ്ടുവന്നു.
കേരളത്തില്‍ മാത്രം ഇരുപതോളം കേസുകള്‍ രൂപേഷിനെതിരേയുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ ഒളിവില്‍ താമസിപ്പിച്ചതും നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിശ്രമവുമാണ് കേരളത്തിലെ പ്രധാന കേസുകള്‍. കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) രൂപേഷിനെതിരേ ഏഴ് കേസുകള്‍ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും രൂപേഷിന് പങ്കുണ്ടെന്നാണ് സംശയം. ഈ കേസിലാണ് ആന്ധ്ര പൊലീസ് രൂപേഷിനെ പിടിച്ചതെന്നാണ് കേരളാ ഭീകരവിരുദ്ധ സ്‌ക്വാഡ് നല്‍കുന്ന വിവരം. വയനാടന്‍ വനാന്തരങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളില്‍ രൂപേഷ് പ്രതിയാണ്
പലതവണ തണ്ടര്‍ബോള്‍ട്ടും ഭീകരവിരുദ്ധ സ്‌ക്വാഡും രൂപേഷിനെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു. ഒരുതവണ ബംഗളുരുവില്‍വച്ച് രൂപേഷ് ഉള്‍പ്പെട്ട സംഘം തലനാരിഴയ്ക്കാണ് ഐ.എസ്.ഐ.ടിയുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടത്.
രാമചന്ദ്രന്റേയും സുമയുടേയും മകനായി വാടാനപ്പിള്ളിയില്‍ ജനിച്ച രൂപേഷ് നാട്ടിക എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് നിയമ ബിരുദ യോഗ്യതയും നേടി. നിയമ ബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയില്‍ നിന്ന് നക്‌സല്‍ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ രൂപേഷും ഷൈനയും പിന്നീട് പിടിയിലാകുന്നതുവരെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാക്കളായിരുന്നു. സിപിഐ.എം.എല്ലിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രൂപേഷ് പൊതുരംഗത്തെത്തിയത്. പിന്നീട് ജനശക്തിയില്‍ ചേര്‍ന്ന് വയനാട്ടിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
രൂപേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുമ്പോഴാണ് രൂപേഷ് പിടിയിലാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















