കേരളം പറയുന്നതാ ന്യായം... കെഎസ്ആര്‍ടിസി കേരളത്തിന് തന്നെ

കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെന്ന പേര് കേരളത്തിന് നഷ്ടമാകില്ല. കര്‍ണാടകവും കേരളവും കെഎസ്ആര്‍ടിസി എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. ചുരുക്കെഴുത്തിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് കേരളം പരാതി നല്‍കിയിരുന്നു. കേരളത്തിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം രജിസ്റ്റര്‍ ചെയ്തതിനാല്‍ കെഎസ്ആര്‍ടിസി എന്ന പേര് അനുവദിക്കണമെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍ 1974ലാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ രൂപീകരിച്ചതെന്നും 1965ല്‍ തന്നെ കെഎസ്ആര്‍ടിസി എന്ന പേരില്‍ കേരളത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 1999 ലെ ട്രേഡ് മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 18(1) റൂള്‍ 25(2) ഇത് സാധൂകരിക്കുന്നതായും കേരളം വ്യക്തമാക്കി. നിയമന നടപടികള്‍ ശക്തമാക്കിയതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായിരിക്കുകയാണ്.
2013 ജനുവരിയിലാണ് കെഎസ്ആര്‍ടിസിയെന്ന പേര് കര്‍ണാടകം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേരളത്തിന് പേര് ഉപയോഗിക്കാനാകാത്ത സാഹചര്യം ഉണ്ടാകുകയും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് പരാതി നല്‍കുകയുമായിരുന്നു.
നിലവിലുള്ള നിയമത്തെ മറികടക്കാന്‍ കര്‍ണാടകത്തിന് സാധിക്കില്ല. കര്‍ണാടകം കെഎസ്ആര്‍ടിസി എന്നുപയോഗിക്കുന്നതിനെതിരെ കേരളത്തിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. അത്തരം നടപടികള്‍ വേണ്ടെന്നുവയ്ക്കുകയാണ് സംസ്ഥാനം ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















