രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം അന്വേഷിക്കണമെന്ന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആര്‍. അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണംനടത്തി ഒക്ടോബര്‍ 20 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.അനില്‍ കുമാറിന്റെ ഭാര്യ എസ് അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഓഗസ്റ്റ് 22 നാണ് അനില്‍കുമാറിനെ മെഡിക്ക ല്‍ കോളേജ് ഓര്‍ത്തോ ഐ. സി. യുവില്‍ പ്രവേശിപ്പിച്ചത്. ഐ. സി. യുവില്‍ കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് വീണ്ടും ഐ. സി യുവില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാര്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. മകന്റെ കൈയില്‍ നിന്നും അച്ഛന്‍ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടര്‍ എഴുതി വാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയില്‍ നെഗറ്റീവായ അനില്‍ കുമാര്‍ സെപ്റ്റംബര്‍ 4 ന് പോസിറ്റീവായി. തുടര്‍ന്ന് മക്കള്‍ ക്വാറന്റയിനില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 24 ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവായി. രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ എത്തണമെന്ന നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വിടുതല്‍ വാങ്ങി വീട്ടിലെത്തിക്കുമ്പോഴാണ് പുഴുവരിച്ച അവസ്ഥ കണ്ടെത്തിയത്. കഴുത്തില്‍ കിടന്ന കോളര്‍ ഇറുകി തലയുടെ പുറകില്‍ മുറിവുണ്ടാകുകയും രണ്ട് തോളിലും ഒരിഞ്ചോളം മുറിവ് കാണുകയും ചെയ്തതായി ഭാര്യ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടിയാണ് ആവശ്യമെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























