സ്വപ്‌നേ കളിയിറക്കല്ലേ... വിവാഹ സമ്മാനമായി ലഭിച്ചതെന്ന് സ്വപ്ന പറഞ്ഞ ലോക്കറിലെ ഒരു കോടി രൂപയിലും ഒരു കിലോ സ്വര്‍ണത്തിലും തീര്‍പ്പാകുന്നു; യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതോടെ ലഭിച്ചത് നിര്‍ണായകമായ വിവരങ്ങള്‍; പിസി ആക്ട് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കി

സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ഷേക്ക്മാര്‍ വിവാഹ സമ്മാനമായി തന്നതെന്നാണ് സ്വപ്ന പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴിയുമായിരുന്നില്ല. കാരണം ഇത്രയും തുക കൈയ്യില്‍ വച്ച് സ്വപ്ന പട്ടിണികിടന്ന് ശിവശങ്കറിനോട് കടം വാങ്ങുമായിരുന്നോ. അഭിമാനികളായ മലയാളികള്‍ക്ക് കടം വാങ്ങാനല്ല കടം കൊടുക്കാനാണ് ഇഷ്ടം. സ്വപ്നയുടെ ഒരു കോടിയുടെ കഥ എന്‍ഐഎ നേരത്തെ തന്നെ തള്ളിയിരുന്നു. പക്ഷെ അതാരുടെ പണമാണെന്ന് കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് പരിമിതിയുണ്ടായിരുന്നു. സിബിഐ വന്നതോടെ ഒരു കോടിയുടേയും ഒരു കിലോ സ്വര്‍ണത്തിന്റേയും ഉടമയായ വിവിഐപിയെ പുറത്ത് കൊണ്ടുവരാന്‍ സര്‍ജിക്കല്‍ അറ്റാക്കിനൊരുങ്ങുകയാണ്.
ഒന്നാം പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ നിര്‍ണായക മൊഴിയിലൂടെ ലൈഫ് മിഷന്‍ ഭവനസമുച്ചയ കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അഥവാ പിസി ആക്ട് പ്രകാരം സിബിഐ അന്വേഷണത്തിനു വഴിയൊരുങ്ങിയിരിക്കുകയാണ്. 20 കോടി രൂപയുടെ നിര്‍മാണ കരാര്‍ നേടിക്കൊടുത്തതിനു നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും കമ്മിഷന്‍ നല്‍കിയതിനു പുറമേ ഇവര്‍ വഴി കോഴയും നല്‍കിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ റെയ്ഡില്‍ സിബിഐ കണ്ടെത്തി. ഇതോടെയാണു വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്‌സിആര്‍എ) സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ വഴിയൊരുങ്ങിയത്.
സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ബാങ്ക് അക്കൗണ്ട് വഴിയും വിദേശ കറന്‍സിയായി നേരിട്ടും നല്‍കിയ പണം മുഴുവന്‍ കമ്മിഷന്‍ തുകയല്ലെന്നു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി. പദ്ധതിയുടെ നിര്‍വഹണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഹാബിറ്റാറ്റ് ഏജന്‍സിയെ മാറ്റി യൂണിടാകിനു കരാര്‍ ലഭിക്കാന്‍ സ്വപ്ന വഴി കോഴ നല്‍കിയെന്നു വ്യക്തമാകുന്നതാണു സന്തോഷിന്റെ വീട്ടില്‍ കണ്ടെത്തിയ രേഖകള്‍.
എന്നാല്‍ സ്വപ്ന ആര്‍ക്കുവേണ്ടിയാണു കോഴ കൈപ്പറ്റിയതെന്ന് അറിയില്ലെന്നാണു സന്തോഷ് പറയുന്നത്. 20 കോടി രൂപയുടെ 22 ശതമാനത്തില്‍ അധികം വരുന്ന 4.5 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന വാദത്തിലെ അവിശ്വസനീയത എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കാഞ്ചേരി പദ്ധതിക്കു പുറമേ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന നിര്‍മാണ കരാറുകള്‍ക്കുള്ള കമ്മിഷന്‍ അടക്കം യൂണിടാക് മുന്‍കൂട്ടി നല്‍കിയെന്നായിരുന്നു ഇതിനു ലഭിച്ച വിശദീകരണം. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ കൈമാറാനുള്ള തുകയാണെന്നാണ് അന്വേഷകരുടെ നിഗമനം.
അതേസമയം സംസ്ഥാനത്തു സിബിഐ അന്വേഷണം വിലക്കാന്‍ നിയമനിര്‍മാണത്തിനു നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതു മുഖ്യമന്ത്രിയും സര്‍ക്കാര്‍ കേന്ദ്രങ്ങളും നിഷേധിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ നിയമപരമായ ചില പരിശോധനകള്‍ നടക്കുന്നുണ്ടെന്ന സൂചന ശക്തം.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണു സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ചത്. സിബിഐക്കെതിരെ ഓര്‍ഡിനന്‍സ് ആലോചിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിയമ വകുപ്പ് നിഷേധിക്കുമ്പോഴും രാഷ്ട്രീയ തീരുമാനം എടുത്താല്‍ സിബിഐക്കുള്ള അന്വേഷണാനുമതി സര്‍ക്കാരിനു നിഷേധിക്കാനാവുമെന്ന ചിന്ത ശക്തമാണ്. സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതാണു മറ്റൊരു സാധ്യത.
ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നതിനാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാന്‍ കേരളത്തിനു കഴിയുമെന്നു നിയമവിദഗ്ധര്‍ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാവും തീരുമാനത്തിലേക്കു കടക്കുക. അതേസമയം അതിന് മുമ്പ് സര്‍ജിക്കല്‍ അറ്റാക്ക് നടത്തി തെളിവുണ്ടാക്കാനാണ് സിബിഐ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha



























