കാറിടിച്ച് തൂങ്ങിയ വൈദ്യുത കമ്പികള്‍ മാറ്റാനെത്തിയ ലൈന്‍മാന് അതേ കമ്പികളില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ സാരമായ പരുക്ക്

തേഞ്ഞിപ്പലത്ത് പുലര്‍ച്ചെ കാറിടിച്ച് തൂങ്ങിയ വൈദ്യുത കമ്പികള്‍ മാറ്റാനെത്തിയ കെഎസ്ഇബി ചേളാരി സെക്ഷനിലെ ലൈന്‍മാന് അതേ കമ്പികളില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ സാരമായ പരുക്ക്. ലൈന്‍മാന്‍ ചേലേമ്പ്ര പാറോല്‍ കാരായി പ്രവീണിന് (45) ആണ് പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ 5.10-ന് കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസിനടുത്ത് ചെട്ടിയാര്‍മാട്ടിലാണ് സംഭവം. കാറിടിച്ച് വൈദ്യുതക്കാല്‍ മുറിഞ്ഞ് ലൈനുകള്‍ ദേശീയപാത 66-ന് കുറുകെ തൂങ്ങിപ്പോയിരുന്നു. സെക്ഷന്‍ ഓഫിസില്‍ നിന്ന് അറിയിച്ചപ്പോള്‍ പെട്ടെന്നുതന്നെ 4 കിലോമീറ്റര്‍ അകലെയുള്ള അപകട സഥലത്തെത്തുകയായിരുന്നു പ്രവീണ്‍. ദേശീയപാതയിലായതിനാല്‍ ഗതാഗത തടസ്സം വരുമല്ലോയെന്ന് ഓര്‍ത്ത് സഹായികളെ കാക്കാതെ ഒറ്റയ്ക്കു തന്നെ എത്തിയതായിരുന്നു ഇദ്ദേഹം.
പ്രവീണ്‍ മുറിഞ്ഞ വൈദ്യുതക്കാലിന് അരികെ കമ്പി മാറ്റാന്‍ നില്‍ക്കവേ അവിടെ എത്തിയ കണ്ടെയ്‌നര്‍ ലോറി, ചാഞ്ഞു കിടക്കുന്ന കമ്പികളിലൂടെ കയറുകയായിരുന്നു. അതോടെ വൈദ്യുത കാലിനും കമ്പികള്‍ക്കും ഇടയില്‍ പ്രവീണ്‍ അകപ്പെട്ടുപോയി. മുന്നോട്ടു നീങ്ങിയ കണ്ടെയ്‌നര്‍ ലോറി കമ്പിയും കാലും സഹിതം പ്രവീണിനെ വലിച്ച് കൊണ്ടുപോയതായും പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിന്റെ വാരിയെല്ലിന് 4 പൊട്ടലുണ്ട്. കണ്ടെയ്‌നര്‍ ലോറി സൃഷ്ടിച്ച അപകടത്തില്‍ 7 വൈദ്യുത കാലുകള്‍ തകര്‍ന്നു. 11 കെവി ലൈനുകളും പൊട്ടി. മേഖലകളിലെ ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കെഎസ്ഇബിക്കുള്ള നഷ്ടവും കനത്തതാണ്. അപകടത്തില്‍പെട്ട കാറിലെ ഒരാള്‍ക്ക് ചെറിയ പരുക്കുണ്ട്.
https://www.facebook.com/Malayalivartha



























