മാനന്തവാടി കെല്ലുരിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നുള്ള റേഷന്‍ അരി ലേബല്‍ മാറ്റി വില്‍ക്കാന്‍ ശ്രമം; നാട്ടുകാര്‍ കയ്യോടെ പിടികൂടി

മാനന്തവാടി കെല്ലുരിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്നു റേഷന്‍ കടയിലേക്ക് കൊണ്ടുപോയ അരി പണി പൂര്‍ത്തീകരിക്കാത്ത വീട്ടില്‍ എത്തിച്ചു 2 തൊഴിലാളികള്‍ ചേര്‍ന്ന് ചാക്ക് മാറ്റി നിറയ്ക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. റേഷന്‍ കടകളിലേക്കു കൊടുത്ത അരി കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനായി വീട്ടിലെത്തിച്ചു ചാക്കുകളിലേക്കു മാറ്റുകയായിരുന്നു.
പ്രദേശത്ത്് സംഘര്‍ഷാവസ്ഥയായതോടെ സ്ഥലത്തെത്തിയ സിവില്‍ സപ്ലൈസ് അധികൃതര്‍ കെല്ലൂരിലെ നാല്‍പതാം നമ്പര്‍ റേഷന്‍ കടയും ദ്വാരകയിലെ മുപ്പത്തഞ്ചാം നമ്പര്‍ കടയും സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. സപ്ലൈകോയുടെ ലേബലുള്ള 64 ചാക്ക് അരിയും വിദേശ ലേബലുള്ള 25 കിലോ വീതം അട്ടിയിട്ടു വച്ച 242 ചാക്ക് അരിയും കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നു 97 കാലി അരി ചാക്കും, വിദേശ ലേബലുള്ള ആയിരത്തിലധികം ചാക്കും അധികൃതര്‍ കണ്ടെടുത്തു.
മാനന്തവാടി കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് അരി കടത്തുന്നുണ്ടെന്ന സംശയം നേരത്തെയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. ഇന്നലെ രാവിലെ അഞ്ചാംമൈല്‍ കെല്ലൂരിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ 2 മുറികളില്‍ സൂക്ഷിച്ച അരി 2 തൊഴിലാളികള്‍ ചേര്‍ന്നു വിദേശ ലേബലുള്ള ചാക്കുകളില്‍ നിറച്ച് അട്ടിയിടുന്നതിനിടെയാണു നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചുമട്ടുത്തൊഴിലാളികളും ചേര്‍ന്നു പിടികൂടിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അധികൃതരെ പ്രതിഷേധക്കാര്‍ തടഞ്ഞു.
മാനന്തവാടി താലൂക്ക് സപ്ലൈസ് ഓഫിസര്‍ പി. ഉസ്മാന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ടി. സീമ, വിനോദ് കുമാര്‍, ജോഷി എന്നിവരടങ്ങുന്ന സംഘം എത്തി വീട്ടില്‍ സൂക്ഷിച്ച അരിയും മറ്റും സിവില്‍ സപ്ലൈസ് ഗോഡൗണിലെ അരിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ കണ്ടുകെട്ടി.
വിദേശ ലേബലുള്ള ചാക്കിലാക്കി അട്ടിയിട്ടു വച്ചത് അരി വിദേശത്തേക്ക് കടത്തുന്നതിനോ അല്ലെങ്കില്‍ വിദേശ കമ്പനിയുടെ അരി എന്ന പേരില്‍ വലിയ കടകളില്‍ വില്‍ക്കുന്നതിനോ ആയിരിക്കാം എന്നതാണ് സംശയം. അരി കടത്തിനും മറിച്ചു വില്‍പനയ്ക്കും പിന്നില്‍ വന്‍ മാഫിയ തന്നെയെന്ന് നാട്ടുകാര്‍. മാറ്റി നിറച്ച ചാക്കിന് മുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വര്‍ഷം 2014 മുതല്‍ 2016 വരെ എന്നാണ്. ചിക്മംഗ്ലൂര്‍ എച്ച്‌കെ റോഡിലുള്ള സ്വകാര്യ കമ്പനിയുടെ പേരാണ് ഇതിനു മുകളിലുള്ളത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ചാക്ക് ഈ കെട്ടിടത്തില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പ്രാദേശിക ചുമട്ടുത്തൊഴിലാളികളും ചേര്‍ന്ന് അരിക്കടത്തില്‍ പ്രതിഷേധിച്ച് കെല്ലൂര്‍ മെക്കത്തുള്ള സപ്ലൈകോ ഗോഡൗണ്‍ ഉപരോധിച്ചു. റേഷനരി കടത്തില്‍ സപ്ലൈകോ അധികൃതര്‍ക്കും ഇവിടെയുള്ള ചുമട്ടുതൊഴിലാളികള്‍ക്കും പങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജീവനക്കാരെ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ റഷീദ് മുത്തുക്കണ്ടിയും, പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കെല്ലൂരിലെ നാല്‍പതാം നമ്പര്‍ റേഷന്‍ കടയും ദ്വാരകയിലെ മുപ്പത്തഞ്ചാം നമ്പര്‍ കടയും സസ്‌പെന്‍ഡ് ചെയ്യുമെന്നും, ഗോഡൗണ്‍ സീല്‍ ചെയ്ത് സ്റ്റോക്ക് എടുത്തതിനു ശേഷം മാത്രം തുറക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി.
റേഷന്‍ അരി കടത്തുന്നതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെല്ലൂരിലെ പൊതുവിതരണ കേന്ദ്രം വഴി റേഷനരി കൃത്രിമ രേഖ ഉണ്ടാക്കി മറിച്ചു വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഎം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























