കടക്കാരിയോ കോടിക്കാരിയോ... സ്പനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു കോടിയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയപ്പോള്‍ തന്നെ മലയാളികള്‍ ഞെട്ടിയതാണ്; എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സ്വകാര്യ ബാങ്കില്‍ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപമെന്ന്; എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് സകലരും

ഈ സ്വപ്ന സ്വര്‍ണക്കടത്തുകാരിയെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നി. പിന്നീട് സ്വപ്നയുടെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചപ്പോള്‍ ആ അത്ഭുതം ഇരട്ടിച്ചു. അപ്പോഴും സ്വപ്ന എന്തിന് ശിവശങ്കറില്‍ നിന്നും പ്രാരാബ്ദം പറഞ്ഞ് കടം വാങ്ങിയെന്ന സംശയം ബാക്കിയായി. ഇപ്പോഴിതാ നമ്മളെയൊക്കെ വീണ്ടും സ്വപ്ന ഞെട്ടിച്ചിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇവിടെ സ്വപ്നയുടെ പേരില്‍ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്.
കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോണ്‍സുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജര്‍ വഴങ്ങിയതെന്നാണു വിവരം. േകാണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്.
കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്.
സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. ഇതു നല്‍കാന്‍ മാനേജര്‍ക്കു കഴിഞ്ഞിട്ടില്ല. ബാങ്കിലെ പഴയ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്.
തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഈ ബാങ്കിലെ മാനേജരെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും.
സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി സ്വപ്നയുടേതല്ല മറ്റാരുടേതാണെന്ന കഥകളും പുറത്ത് വന്നിരുന്നു. അതേ ചോദ്യം തന്നെയാണ് ഈ സ്വകാര്യ ബാങ്കിലെ 38 കോടിയും പുറത്ത് വന്നതോടെ ചോദിക്കുന്നത്. എന്തായാലും സിബിഐയും പുറകേയുള്ളതിനാല്‍ 38 കോടിയുടെ വരവും പോക്കും ഉടനറിയാം.
https://www.facebook.com/Malayalivartha



























