കാര്യങ്ങള്‍ കൈവിടുന്നോ... കൊടുവള്ളി ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡ്; അവസാനം കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തു; എംഎല്‍എ കാരാട്ട് റസാഖിന്റെ ബന്ധുകൂടിയായ ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അമ്പരപ്പിക്കുന്നത്

സിബിഐയ്‌ക്കെതിരായി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ നിര്‍ണായക നീക്കം നടത്തി കസ്റ്റംസും എന്‍ഐഎയും. കൊടുവള്ളി നഗരസഭാ ഇടതു മുന്നണി കൗണ്‍സിലറായ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. അതിനിടെ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്തയും പുറത്തു വന്നു. എന്‍ഐഎയും പരിശോധന നടത്തുന്നതാണ്. എംഎല്‍എ കാരാട്ട് റസാഖിന്റെ ബന്ധുകൂടിയായ ഫൈസലിന്റെ വീട്ടിലെ റെയ്ഡും കസ്റ്റഡിയിലെടുത്തതും രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്.
മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കൂപ്പറിലെ കാര്‍ യാത്ര തൊട്ട് കാരാട്ട് ഫൈസല്‍ ശ്രദ്ധ നേടിയിരുന്നു. ഫൈസലിന്റെ കാര്‍ യാത്രാ വിവാദത്തില്‍ താഴെ തട്ടില്‍ പാളിച്ച പറ്റിയതായി സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തിയ പശ്ചാത്തലത്തില്‍ താമരശേരി ഏരിയാ കമ്മറ്റിയും വിഷയം ചര്‍ച്ച ചെയ്തു. അതിനിടെ, കോടിയേരി യാത്ര ചെയ്ത കാരാട്ട് ഫൈസലിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുളള വാഹനം നികുതി വെട്ടിച്ചതായുളള പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തി. പിന്നീട് ആ അന്വേഷണം ഓര്‍മ്മയായി. അതിന് ശേഷമാണ് ഇപ്പോള്‍ കസ്റ്റംസ് റെയ്ഡ് എന്ന വാര്‍ത്ത വരുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് സ്വപ്‌ന അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് സ്വപ്‌ന സുരേഷിന്റെ വാദം. കേസ് നടപടികള്‍ക്കായി രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് തിരക്കിട്ട് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് സി.ബി.ഐ അന്വേഷണം ചെറുക്കാനെന്നു സൂചനയുമുണ്ട്. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അറിയിക്കും. സി.ബി.ഐക്ക് വിജിലന്‍സ് ഫയല്‍ കൈമാറാതിരുന്നാല്‍ പെരിയയ്ക്ക് പിന്നാലെ സി.ബി.ഐയും സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധത്തിലേക്കിത് വഴിമാറിയേക്കും.
അടുത്തമാസം അഞ്ചിനു ഫയലുകളുമായി ഹാജരാകണമെന്നു ലൈഫ് മിഷന്‍ സി.ഇ.ഒ., യു.വിജോസിനു സിബിഐ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് വിജിലന്‍സ് തിരക്കിട്ട് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫയലുകള്‍ എല്ലാം സിബിഐക്കു കൈമാറേണ്ടി വരുമെന്നുള്ള നിയമോപദേശം സര്‍ക്കാരിനു ലഭിച്ചിരുന്നു. ഇതിനു ശേഷമാണു കേസ് എടുക്കാന്‍ അനുമതി നല്‍കിയതും വിജിലന്‍സ് കോടതിയില്‍ എഫഐആര്‍ സമര്‍പ്പിച്ചതും.
പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തന്നെ വിജിലന്‍സ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നിന്നു കൊണ്ടുപോയിരുന്നു. പദ്ധതിയില്‍ അഴിമതി നടന്നുവെന്ന സംശയം എന്നു എഫ്‌ഐആറില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളാരെന്നു പറഞ്ഞിട്ടില്ല. ഹൈക്കോടതി ഇന്നു കേസ് പരിഗണിക്കുമ്പോള്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യം കോടതിയെ അറിയിക്കും. വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും നിര്‍മാണക്കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനിടയിലാണ് കാരാട്ട് ഫൈസലിന്റെ വീട്ടിലെ റെയ്ഡും കസ്റ്റഡിയിലെടുത്തതും.
"
https://www.facebook.com/Malayalivartha



























