എല്ലാം ഇഡി കൊണ്ടുപോയാല്‍... സ്വപ്ന സുരേഷിന്റെ കഥകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് ഒന്നൊന്നായി ചികഞ്ഞ് പുറത്തിടുമ്പോള്‍ ചില സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും അടച്ചുപൂട്ടലിന്റെ വക്കില്‍

സ്വപ്ന സുരേഷിന്റെ കഥകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് ഒന്നൊന്നായി ചികഞ്ഞ് പുറത്തിടുമ്പോള്‍ ചില സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും അടച്ചുപൂട്ടലിന്റെ വക്കിലായി. സ്വപ്നയുടെ സമ്പാദ്യം ഇ.ഡി. കൊണ്ടുപോയാല്‍ ബാങ്കുകള്‍ പൂട്ടേണ്ടി വരും എന്നതാണ് അവസ്ഥ.
എറണാകുളത്തെയും തിരുവനന്തപുരത്തെയും ചില സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും സ്വപ്ന സുരേഷിന് കോടികളുടെ നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബാങ്കുകളില്‍ നിന്ന് സ്വപ്ന സുരേഷിന്റെ അക്കൗണ്ടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരം തേടിയിട്ടുണ്ട്. ചില സഹകരണ ബാങ്കുകളിലും സ്വപ്നക്ക് അക്കൗണ്ടുകളുണ്ട്. ഇവിടെത്തെ വിവരങ്ങളും ഇ.ഡി. തേടിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകള്‍ക്ക് ആദ്യം വിവരം നല്‍കാന്‍ മടിയുണ്ടായിരുന്നെങ്കിലും ഇ.ഡി യുടെ വിരട്ടലിന് മുമ്പില്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള സഹകരണ ബാങ്കുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത് സ്വപ്നയുടെ കരുണയുള്ളതു കൊണ്ടുമാത്രമാണ്.
അതിനിടെ സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. ഇവിടെ സ്വപ്നയുടെ പേരില്‍ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്.
കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോണ്‍സുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജര്‍ വഴങ്ങിയതെന്നാണു വിവരം. േകാണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്.
കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്.
സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. ഇതു നല്‍കാന്‍ മാനേജര്‍ക്കു കഴിഞ്ഞിട്ടില്ല. ബാങ്കിലെ പഴയ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്. അതു കൊണ്ടു തന്നെ യു എ ഇ കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.
തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണ ബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഈ ബാങ്കിലെ മാനേജരെയും ഉടന്‍ ചോദ്യംചെയ്‌തേക്കും.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുജീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് കേസ് നടപടികള്‍ക്കായി ഇത് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറാനാണോ എന്ന സംശയം ദേശീയ അന്വേഷണ ഏജന്‍സിക്കുണ്ട്. ജയിലില്‍ സ്വപ്ന തീര്‍ത്തും സുരക്ഷിതയാണെന്ന് എന്‍ ഐ എ കരുതുന്നില്ല. സ്വപ്നയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ടോ എന്നും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























