അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാ ജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും മുന്നറിയിപ്പ്

അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും കേരളാകോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. കൂടെ നിന്നുകൊണ്ട് കാലുവാരുന്ന നിലപാടാണ് കോണ്‍ഗ്രസിലെ ചില മന്ത്രിമാര്‍ കാണിക്കുന്നതെന്നും മാണിഗ്രൂപ്പ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ചിലമന്ത്രിമാര്‍ നടത്തുന്ന ഗ്രൂപ്പ്‌പോരാണ് ബാര്‍ക്കോഴ ഇത്രമാത്രം രൂക്ഷതയില്‍ എത്തിച്ചതെന്നും മാണിഗ്രൂപ്പിന് അഭിപ്രായമുണ്ട്.
യു.ഡി.എഫ്. മേഖലാ ജാഥകള്‍ മാറ്റിെവക്കണമെന്ന കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യത്തിന് പിന്നില്‍ ബാര്‍ കോഴ കേസ് അന്വേഷണം അനന്തമായി നീളുന്നതിനോടുള്ള എതിര്‍പ്പാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. ഏഴ് മാസമായി നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങളെ പരമാവധി അപമാനിക്കുകയാണെന്ന പരാതി കേരള കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി നേതൃത്വം അറിയിക്കുകയും ചെയ്തു.
മാണിയെയും ഭാര്യയെയും, മകന്‍ ജോസ് കെ.മാണി എം.പി.യെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശമുണ്ട്. ഇതിനു പിന്നിലും ഗ്രൂപ്പ്കളിയാണെന്നും കേരളാകോണ്‍ഗ്രസ് ആരോപിക്കുന്നു. നേരത്തെ ചോദ്യം ചെയ്ത മാണിയെ വീണ്ടും ചോദ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കാനാണെന്നും കേരളാകോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. ഇതേസമയം വിജിലന്‍സ് കേന്ദ്രങ്ങള്‍ അന്വേഷണത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ നിഷേധിക്കുന്നു. കെ.എം.മാണിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ആരോപണത്തിന്റെ എല്ലാ വശങ്ങളും വിജിലന്‍സ് പരിശോധിച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമ്പോള്‍ മന്ത്രി മാണിക്ക് തന്നെ അത് വിനയാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ ഇതിനെ എതിര്‍ക്കാന്‍ മന്ത്രി മാണിക്ക് കഴിയുന്നില്ല. എതിര്‍ത്താല്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നെന്ന ആക്ഷേപം വരും. മന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാനെത്തുന്നവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും അന്വേഷണ വിവരങ്ങള്‍ അപ്പോള്‍ തന്നെ മാധ്യമങ്ങളിലേക്ക് ചോരുന്നുവെന്നും പാര്‍ട്ടി ചൂണ്ടികാട്ടുന്നു.
ബാര്‍ കോഴ കേസ് അന്വേഷണം തീര്‍ന്നിട്ടുമതി മേഖലാ ജാഥയെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഈ ആവശ്യം യു.ഡി.എഫ്. യോഗം ചേര്‍ന്ന് പരിശോധിക്കുന്നതിന് മുമ്പ് ജാഥയുമായി മുന്നോട്ടുപോകാന്‍ കെ.പി.സി.സി. തീരുമാനിച്ചതില്‍ കേരള കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പിലാണ്. ജാഥ നടത്താനാണ് തീരുമാനമെങ്കില്‍ വിട്ടുനില്‍ക്കുമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.
പുറമേക്ക് മറ്റ് കാര്യങ്ങളാണ് പറയുന്നതെങ്കിലും അന്വേഷണം തീര്‍ന്നിട്ടുമതി ജാഥയെന്നാണ് അവരുടെ നിലപാട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള മധ്യമേഖലാ ജാഥയാണ് കേരള കോണ്‍ഗ്രസ് നയിക്കുന്നത്. മറ്റ് മൂന്ന് ജാഥകള്‍ മാറ്റാതെ മധ്യമേഖലാ ജാഥയുടെ തീയതി മാത്രം മാറ്റി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















